ജോണി വെമ്പിള്ളി
ആർത്തവച്ചോപ്പുതൊട്ട്
അക്കമിട്ടളന്നടർത്തിയെടുത്ത്,
ശീതീകരിച്ച ഞാറ്റുകണ്ടത്തിൽ
ജനിതകമാറ്റം വരുത്തി
പത്തരമാറ്റ് കുറ്റംതീർത്ത മനുഷ്യവിത്തുകൾ
നിരത്തി നട്ടുവച്ചു;
വെളുത്ത കൈയുറകൾ.
രാസവെള്ളം തൊട്ടുനനച്ചു
കിളിർപ്പിച്ചെടുത്തവയിൽ
ലക്ഷണമൊത്ത പുരുഷത്തൈയൊന്ന്
ഗർഭപാത്രക്കുളത്തിൽ നീന്താൻ വിട്ടു.
കൈകാലിട്ടടിച്ച് വളർന്നുവന്നവനെ
പേറുചാലുവഴിയൊഴുകിവന്ന്
ഇടുപ്പെല്ലിൽ തലതട്ടി കോലം മാറാതെ
ശുഭനാളിന്റെയൈശ്വര്യത്തികവോടെ
വയറു കീറി പുറത്തെടുത്തു.
മണ്ണവൻ കണ്ടിട്ടില്ല,
മണ്ണപ്പം ചുട്ടിട്ടില്ല,
മറ്റാരോടും മിണ്ടിയിട്ടില്ല,
മലയാളവും അറിയില്ല,
ആദ്യം കൊടുത്തത് ഐഫോണും.
അന്നേ നേർന്നതാണെന്നോമന
വൈദ്യം പഠിക്കാനുള്ളവനെന്ന്.
കളസമിടുവിച്ച്
കഴുത്തിൽ കൗപീനക്കുടുക്കുമിട്ട്
കാറിലവൻ പോയിവന്നത്
സ്വപ്നം കാണാനറിയാത്ത
അക്ഷരഗോധരങ്ങളിലേക്ക്.
അറിവുകൾ ഗൂഗിളിൽനിന്നും
തലയിലേക്ക് ഡൗൺലോഡ് ചെയ്ത്
പള്ളിക്കൂടം കടന്നെത്തി.
ആശ്രയം ദൈവത്തിലെന്ന്
നെറ്റിയിലൊട്ടിച്ച കഴുകൻകുഞ്ഞുങ്ങൾ
പറന്നുവന്ന് മേശവലിപ്പുകളിൽ ചേക്കേറിയപ്പോൾ
പരാശ്രയമില്ലാത്ത പാഠശാലയിലേക്കവൻ
പറിച്ചു നടപ്പെട്ടു.
കളസം മാറിയില്ല; കണ്ഠകൗപീനവും.
കന്മതിലിന്നുയരം കൂടിയെന്നേയുള്ളു.
കശാപ്പാണവിടെ ദിവസവുമെങ്കിലും
കലാലയമെന്നാണതിനും പേര്.
ജീവിതം പഠിക്കാത്തവൻ
ജീവശാസ്ത്രപ്പുസ്തകത്തിൽ തലയിട്ടു.
പാറ്റയെ കാണാത്തവൻ
തവളയെ കീറണം.
അറപ്പുള്ള കൈകളിൽ
ആയുധം വഴങ്ങുന്നില്ല.
ആണെന്നു നിനച്ചവൻ ആടിയുലയുന്നു,
ആരുണ്ട് സഹായിപ്പാൻ.
അപ്പനുമമ്മക്കും ഡാക്കിട്ടർ മതി.
മതിലിനുള്ളിലിടിമുറിയിലവനെ
ചട്ടം പഠിപ്പിച്ചു മെരുക്കുന്നുണ്ട്.
കരയാൻ പഠിക്കാത്ത
ചിരിക്കാനറിയാത്ത
കമ്പ്യൂട്ടർ ചങ്കുള്ള ചെക്കനിന്ന്
താങ്ങാൻ കഴിയാത്ത ചുമടിൻ ഭാരങ്ങൾ
ചേർത്തുപിടിച്ചീയിടിമുറിക്കൂടിന്റെ
ഉത്തരക്കൊളുത്തിൽ തൂങ്ങിയാടി!
ടി.കെ. അലി, പൈങ്ങോട്ടായി
ശിഷ്ടം ....!
ഉള്ളിലൊരുമരം
പച്ചക്ക് കത്തുന്നുണ്ട്
കുഞ്ഞേ...
കിനാക്കളുടെ പൂവും കായും
നിറഞ്ഞ് നിന്ന മരം...
മോഹങ്ങളെരിഞ്ഞത്
കത്തിയമരുന്ന ചാരക്കൂനയിൽ,
ഉറവ് വറ്റാത്ത സ്നേഹച്ചോല
മൂടിപ്പോയാലും,
ഉള്ളിന്റെയുള്ളിലൊരു
മുറിവാർന്ന നനവ്
ദാഹമടങ്ങാതെ ബാക്കിയുണ്ടാകും...
ഒരുകാലമോർമകളുടെ
മീസാൻ കല്ലുകൾക്കരികെ,
നീ നടുന്ന മൈലാഞ്ചിച്ചെടിയെ
വാനോളം വളർത്താൻ .......!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.