ഷിഫ അല്‍ജസീറ ഹോസ്പിറ്റലില്‍ നടന്ന പിങ്ക് ഷിഫ പരിപാടിയില്‍നിന്ന്
മനാമ: സ്തനാര്‍ബുദ ബോധവത്കരണ മാസാചരണ ഭാഗമായി ഷിഫ അല്‍ജസീറ ഹോസ്പിറ്റല്‍ പിങ്ക് ഷിഫ പരിപാടി സംഘടിപ്പിച്ചു. ബോധവത്കരണ സെമിനാറുകള്‍, സ്വയം പരിശോധന ക്ലാസുകള്‍, ചര്‍ച്ച, സൗജന്യ മെഡിക്കല്‍ പരിശോധന എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ വനിത വിഭാഗവുമായി സഹകരിച്ച് രാവിലെ സ്തനാര്‍ബുദ ബോധവത്കരണ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. സ്പെഷലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോ. ബെറ്റി മറിയാമ്മ ബോബന് ക്ലാസെടുത്തു. സ്തനാര്‍ബുദത്തെ നേരത്തേ കണ്ടെത്തേണ്ടതിന്റെയും അവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെയും പ്രാധാന്യം അവര്‍ എടുത്തുപറഞ്ഞു.
സ്തനാര്‍ബുദ ബോധവത്കരണം, സ്ക്രീനിങ്ങില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, അപകടസാധ്യത കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ചചെയ്തു. പങ്കെടുത്തവര്‍ക്ക് സൗജന്യ വൈദ്യപരിശോധനയും കണ്‍സൽട്ടേഷനും നല്കി. കൂടാതെ, ബ്രെസ്റ്റ് അള്‍ട്രാസൗണ്ട്, മാമോഗ്രാം എന്നിവയില്‍ 50 ശതമാനം ഡിസ്കൗണ്ടും ലഭ്യമാക്കിയിരുന്നു. പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ വനിത വിഭാഗം കണ്‍വീനര്‍ ഗീത ജനാർദനന്, ജോയന്റ് കണ്‍വീനര്‍മാരായ ശ്രീലത പങ്കജ്, നീന ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.വൈകീട്ട്, 973 ലോഞ്ച്, ഗോ എലൈവ് മീഡിയ എന്നിവയുമായി ചേര്‍ന്ന് ചര്‍ച്ച സംഘടിപ്പിച്ചു.
യു.എസ് എംബസിയിലെ പബ്ലിക് അഫയേഴ്സ് ഓഫിസര്‍ ലിന്‍ഡ മക്കല്ലന്‍ മുഖ്യാതിഥിയും തനിമ ചക്രവര്‍ത്തി, ഡോ. അനിഷ എബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളുമായി.
ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. സായ് ഗിരിധര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. രാജി ഉണ്ണികൃഷ്ണന് പരിപാടിക്ക് ആമുഖം നല്കി.
ഷിഫ ഹോസ്പിറ്റലിലെ കണ്‍സൽട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീലന് പ്രഭാഷണം നടത്തി. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിയ അവര്‍ സ്വയം സ്തനപരിശോധന, മാമോഗ്രാം ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ചും മുന്‍കരുതല്‍ എടുക്കേണ്ട വിധം എന്നിവയെക്കുറിച്ചും സംസാരിച്ചു.
നേപ്പാള്‍ എംബസിയിലെ കോണ്‍സുലര്‍ അറ്റാഷെ ജമുന കഫ്ലെ, യു.എസ് എംബസിയിലെ മെഡിക്കല്‍ പ്രഫഷനലായ ലിന്‍ഡ്സെ കെയ്ന്‍, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വിഭാഗം ജീവനക്കാരി ചേതന ഹെഗ്ഡെ, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്, പാകിസ്താന് വിമന്‍സ് അസോസിയേഷന്, ലൈഫ് ആന്‍ഡ് സ്റ്റൈല്‍ മാഗസിന്, ബി.കെ.എസ് ലേഡീസ് വിങ് തുടങ്ങി വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധാനം ചെയ്ത് 30 പേര് പങ്കെടുത്തു. പരിപാടിക്ക് സമാപനമായി കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 17288000 എന്ന നമ്പറിലോ 16171819 എന്ന വാട്സ്ആപ് നമ്പറിലോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.