മനാമ: കൗൺസിൽ ഓഫ് റപ്രസെന്റേറ്റിവ്സിന്റെ (പാർലമെന്റ്) വേനൽക്കാല അവധി അവസാനിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്മേളനം ഒക്ടോബർ 12ന് ആരംഭിക്കും. നിരവധി നിർണായക ബില്ലുകളും ഓർഡിനൻസുകളും ഈ സമ്മേളനത്തിൽ പരിഗണനക്കുവരും. ഭരണഘടനയുടെ 71ാം അനുച്ഛേദമനുസരിച്ച്, ദേശീയ അസംബ്ലി (പാർലമെന്റും ശൂറ കൗൺസിലും ഉൾപ്പെടെ) ഒക്ടോബറിലെ രണ്ടാമത്തെ ശനിയാഴ്ച സമ്മേളിക്കണം. ഈ ദിവസം പൊതു അവധിയാണെങ്കിൽ, അടുത്ത പ്രവൃത്തി ദിവസമായിരിക്കും സമ്മേളനം ആരംഭിക്കുക. അതുകൊണ്ടുതന്നെ ഒക്ടോബർ 12 ഞായറാഴ്ചയായിരിക്കും പുതിയ സമ്മേളനത്തിന് തുടക്കമാവുക.
നാലുമാസത്തെ അവധിക്ക് ശേഷം, പാർലമെന്ററി കമ്മിറ്റികൾ ഇതുവരെ യോഗങ്ങൾ പുനരാരംഭിച്ചിട്ടില്ല. പുതിയ സമ്മേളനത്തിന് തയ്യാറെടുക്കുന്നതിനും പൊതുജന താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും നിയമങ്ങൾ തയാറാക്കുന്നതിനും ഈ അവധിക്കാലം എം.പിമാർക്ക് സഹായകമായി.
ആറാം നിയമനിർമാണ കാലഘട്ടത്തിലെ അവസാന സമ്മേളനമാണിത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ശേഷിക്കുന്ന ഫയലുകൾ പൂർത്തിയാക്കാൻ നിയമനിർമാണ, മേൽനോട്ട പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഭിഭാഷക നിയമം, പൊതു കടം കൈകാര്യം ചെയ്യാനുള്ള ബിൽ, പെൻഷൻകാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നിയമം എന്നിവ ഉൾപ്പെടെ അഞ്ച് പാർലമെന്ററി കമ്മിറ്റികൾ നിലവിൽ 78 നിയമനിർമാണങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവധിക്കാലത്ത് പുറപ്പെടുവിച്ച ഓർഡിനൻസുകൾക്കാണ് സമ്മേളനത്തിൽ മുൻഗണന നൽകുന്നത്. ട്രാഫിക് നിയമം, ക്രിമിനൽ നിയമം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഭീകരവാദ ഫണ്ടിങ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന ഓർഡിനൻസുകൾ ഇതിൽപ്പെടും.
കൂടാതെ, ഭിന്നശേഷിക്കാർക്കുള്ള നിയമങ്ങൾ, ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) അന്താരാഷ്ട്ര റോഡ് ഗതാഗത നിയമം, വാണിജ്യ കമ്പനി നിയമം എന്നിവയും പരിഗണിക്കും. എക്സ്ട്രീമിസം, തീവ്രവാദ ഫണ്ടിങ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ നേരിടാനുള്ള സമിതിയുമായി ബന്ധപ്പെട്ട ഓർഡിനൻസും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.