മനാമ: ബഹ്റൈനിലെ സ്വകാര്യ സ്കൂളുകളിൽ സ്വദേശി അധ്യാപകരെ നിയമിക്കാനുള്ള നിർദേശത്തിന് പാർലമെന്‍റ് അംഗീകാരം. 1998ലെ സ്വകാര്യ വിദ്യാഭ്യാസ, പരിശീലന സ്ഥാപന നിയമത്തിൽ സർക്കാർ തയാറാക്കിയ ഭേദഗതി പ്രകാരം, സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ബഹ്റൈനികളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം സമർപ്പിച്ച പാർലമെന്‍ററി നിർദേശത്തിനാണ് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചത്. ഇത് കൂടുതൽ സ്വദേശി ബിരുദധാരികൾക്ക് തൊഴിൽ നൽകാൻ കാരണമാകുമെന്ന് നിയമനിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആയിരത്തോളം വിദേശ നിയമനങ്ങളെ ഈ പദ്ധതി നടപ്പായാൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ വിദ്യാഭ്യാസമേഖലയിലെ സ്വദേശിവത്കരണത്തിനുള്ള എം.പിമാരുടെ ശ്രമങ്ങളെ പ്രശംസിക്കുകയും മന്ത്രാലയത്തിന്‍റെ ലക്ഷ്യം സമാനമാണെന്നും അറിയിച്ചു. സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിലെ സർക്കാറിന്‍റെ പ്രതിബദ്ധത എടുത്തുപറഞ്ഞ മന്ത്രി പൊതു വിദ്യാലയങ്ങളിൽ പ്രതിവർഷം 500ഓളം ബഹ്റൈനികൾ ജോലി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.
സ്വകാര്യ സ്കൂളുകൾ 2020ലും 2021ലും 200 സ്വദേശികളെയും 2023ൽ 525 പേരെയും അധ്യാപകരായി നിയമിച്ചിട്ടുണ്ട്. 2024ലെത്തിയപ്പോൾ നിയമിച്ചവരുടെ എണ്ണം 660 ആയതായും ഇത് ബഹ്റൈനികളെ നിയമിക്കാൻ സ്വകാര്യ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. അനുയോജ്യരായ ബഹ്റൈൻ ഉദ്യോഗാർഥികളെ കണ്ടെത്തിയില്ലെങ്കിൽ, പ്രവാസികളെ നിയമിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങൾ വിദ്യാഭ്യാസ മന്ത്രിയുടെ അനുമതി തേടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.