മനാമ: ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശവുമായി ബഹ്റൈൻ പാർലമെന്റ് വീണ്ടും മുന്നോട്ട്. ശൂറ കൗൺസിലിന്റെയും സർക്കാറിന്റെയും എതിർപ്പുകൾക്കിടയിലും ഈ ഭേദഗതിക്ക് രണ്ടാമതും അംഗീകാരം നൽകാനുള്ള ശ്രമത്തിലാണ് പാർലമെന്റ്. പ്രധാന നിർദേശ പ്രകാരം നിയമലംഘകർക്ക് കുറഞ്ഞ പിഴയുടെ പകുതി തുക മാത്രം ഒത്തുതീർപ്പ് വഴി അടയ്ക്കാൻ ഈ ഭേദഗതി അനുവദിക്കുന്നു. ഇത് ഒത്തുതീർപ്പ് വാഗ്ദാനം ലഭിച്ച് 30 ദിവസത്തിനുള്ളിൽ അടയ്ക്കണം. നിലവിലെ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 56 പ്രകാരം പിഴ അടയ്ക്കുന്നതിന് അനുവദിച്ചിട്ടുള്ള ഏഴ് ദിവസത്തെ സമയപരിധി അപര്യാപ്തമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
വർധിച്ചുവരുന്ന ആഗോള വിലക്കയറ്റവും പൗരന്മാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കുമ്പോൾ ഈ സമയം നീട്ടുന്നത് ആശ്വാസകരമാകും. ഫോറിൻ അഫയേഴ്സ്, ഡിഫൻസ്, നാഷനൽ സെക്യൂരിറ്റി കമ്മിറ്റി ഈ ഭേദഗതി പാസാക്കാൻ ശുപാർശ ചെയ്തു. ഒത്തുതീർപ്പിനുള്ള സമയം 30 ദിവസമായി നീട്ടുന്നതും കുറഞ്ഞ പിഴയുടെ പകുതി മാത്രം അടയ്ക്കാൻ അനുവദിക്കുന്നതും കൂടുതൽ നിയമലംഘകരെ കോടതിക്ക് പുറത്ത് കേസ് തീർപ്പാക്കാൻ പ്രോത്സാഹിപ്പിക്കും.ഇത് ട്രാഫിക് കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയും ജഡ്ജിമാരുടെ ജോലിഭാരം ലഘൂകരിക്കുകയും പൗരന്മാരുടെ ഭാരം കുറയ്ക്കുകയും ചെയ്യും.
എങ്കിലും, ഈ നിർദേശത്തെ പിന്തുണയ്ക്കുന്നതിലുള്ള ബുദ്ധിമുട്ട് സർക്കാർ പാർലമെന്റിന് രേഖാമൂലം അറിയിച്ചു. ഭേദഗതി, ഗതാഗതനിയമത്തെ ദുർബലപ്പെടുത്തുമെന്ന് സർക്കാർ വാദിച്ചു. പൊതുസുരക്ഷയും ഡ്രൈവർമാർക്കിടയിലെ അച്ചടക്കവും ഉറപ്പാക്കാൻ ഓരോ കുറ്റകൃത്യത്തിനും സാമ്പത്തിക പിഴയോ തടവോ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഗതാഗത നിയമലംഘനങ്ങളുടെ പ്രതിരോധ മൂല്യം നിലനിർത്താനും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും സാമ്പത്തികപിഴകൾ കർശനമായി നടപ്പാക്കണമെന്നും സർക്കാർ ഊന്നിപ്പറഞ്ഞു. ഈ ഭേദഗതിയിന്മേൽ പാർലമെന്റിന്റെ അടുത്ത സാധാരണ സെഷനിൽ വോട്ടെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.