പത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബഹ്റൈനിലെ വിവിധ മലയാളി സാംസ്കാരിക-രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തനങ്ങളെ നിരീക്ഷിച്ചതിൽനിന്നും രൂപപ്പെട്ട ചില ചിന്തകളാണ് ഇവിടെ പങ്കുവെക്കുന്നത്. ബഹ്റൈനിൽ മാത്രമല്ല, ഇതര ഗൾഫ് രാജ്യങ്ങളുൾപ്പെടെയുള്ള പ്രവാസി ലോകത്തെ മലയാളി സംഘടനകളുടെ സാംസ്കാരിക ഇടപെടലുകളിൽ കാലാനുസൃതമായ വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് തോന്നുന്നു. പ്രത്യേകിച്ച്, കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളുടെ അവതരണത്തിലും ഉള്ളടക്കത്തിലും ഗൗരവതരമായ പുനർചിന്തനം നടത്തേണ്ടതുണ്ട്. പരമ്പരാഗത ശൈലികൾക്കപ്പുറം, പ്രവാസലോകത്തെ പുതിയ തലമുറയെക്കൂടി ഉൾക്കൊള്ളുന്നതും കൂടുതൽ സർഗാത്മകവുമായ മാറ്റങ്ങൾ ഈ രംഗത്ത് വരണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രവാസി മലയാളി സാംസ്കാരിക സംഘടനകൾ നമ്മുടെ ഭാഷയെയും പൈതൃകത്തെയും പ്രവാസ മണ്ണിൽ സംരക്ഷിച്ചു നിർത്തുന്നതിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. മണലാരണ്യത്തിലെ ജോലിത്തിരക്കുകൾക്കിടയിലും കലയെയും സാഹിത്യത്തെയും നെഞ്ചേറ്റുന്ന വലിയൊരു വിഭാഗം പ്രവാസികൾ നമുക്കിടയിലുണ്ട്. എന്നാൽ, സമീപകാലത്തായി മിക്ക പ്രവാസി സംഘടനകളുടെയും പ്രവർത്തനശൈലിയിൽ കണ്ടുവരുന്ന ചില പ്രവണതകൾ വിമർശന വിധേയമാക്കേണ്ടതുണ്ട്. നാട്ടിൽനിന്ന് ലക്ഷങ്ങൾ പ്രതിഫലം നൽകി താരങ്ങളെയും കലാസംഘങ്ങളെയും എത്തിച്ച് നടത്തുന്ന സംഗീത-നൃത്ത പരിപാടികൾക്കും മേനി അഴക് പ്രദർശനങ്ങൾക്കും നൽകുന്ന അമിത പ്രാധാന്യം നമ്മുടെ സാംസ്കാരിക മണ്ഡലത്തിന് എത്രത്തോളം ഗുണകരമാണ്?
ലക്ഷങ്ങൾ ഒഴുക്കി നടത്തുന്ന ഇത്തരം പരിപാടികൾ പലപ്പോഴും കേവല ആസ്വാദനത്തിനപ്പുറം സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? മിന്നുന്ന വെളിച്ചവും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും നിറഞ്ഞ മെഗാ ഇവന്റുകൾ അവസാനിക്കുമ്പോൾ അവിടെ ബാക്കിയാകുന്നത് വലിയ സാമ്പത്തിക നഷ്ടവും കുറച്ചു നേരത്തെ വിനോദവും മാത്രമല്ലേ? അതേസമയം, നമ്മുടെ കൺമുന്നിലുള്ള പ്രവാസി യുവാക്കളുടെയും വിദ്യാർഥികളുടെയും സർഗശേഷിയെ പരിപോഷിപ്പിക്കാൻ നാം വേണ്ടത്ര ശ്രദ്ധ നൽകുന്നുണ്ടോ? ഉപജീവനത്തിനായി പ്രവാസ മണ്ണിലെത്തിയവരിൽ പ്രതിഭകളായ യുവാക്കളുണ്ട്.
അതുപോലെ കുടുംബമായി താമസിക്കുന്നവരിൽ ഇവിടത്തെ ചുറ്റുപാടിൽ വളരുന്ന, നമ്മുടെ സംസ്കാരത്തെ തൊട്ടറിയാൻ കൊതിക്കുന്ന വിദ്യാർഥികളുണ്ട്. ഇവർക്ക് വെറും കാണികളാകാനല്ല, മറിച്ച് സ്വന്തം കഴിവുകൾ മാറ്റുരക്കാനുള്ള വേദികളാണ് ആവശ്യം.
പ്രസംഗം, കവിത, കഥാരചന എന്നിവക്കൊപ്പംതന്നെ ചിത്രരചന, ജലച്ചായം, ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ മാഗസിൻ ഡിസൈനിങ്, അർഥവത്തായ ഗാനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ഇവർക്ക് അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്. ധാർമികതയിൽ ഊന്നിയതും സമൂഹനന്മക്ക് ഉപകരിക്കുന്നതുമായ കലകളിലാണ് യഥാർഥത്തിൽ മത്സരങ്ങളും അവസരങ്ങളും ഉണ്ടാകേണ്ടത്. ഒരു നല്ല കഥയോ കവിതയോ ചിത്രമോ ഒരാളിൽ സൃഷ്ടിക്കുന്ന സ്വാധീനം കാലാതീതമാണ്. പ്രസംഗമത്സരങ്ങൾ കുട്ടികളിലും യുവാക്കളിലും ആത്മവിശ്വാസം വളർത്തുകയും ചിന്തകളെ യുക്തിസഹമായി അവതരിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
കേവലം വിനോദത്തിനുവേണ്ടി പണം ഒഴുക്കുമ്പോൾ, ഇവിടെയുള്ള മികച്ച പ്രതിഭകൾക്ക് അർഹമായ വേദികളും പ്രോത്സാഹനവും ലഭിക്കാതെ പോകുന്നു എന്നത് നിരാശജനകമാണ്. നമ്മുടെ മക്കളെയും സഹോദരങ്ങളെയും വെറും കാണികളായി മാത്രം ഇരുത്തിക്കൊണ്ട് നാട്ടിൽനിന്ന് കലാകാരന്മാരെ ‘ഇറക്കുമതി’ ചെയ്യുന്നത് കൊണ്ട് നമുക്കുള്ള പ്രയോജനത്തിന്റെ തോത് എത്രയാണ്?
ആഡംബരങ്ങൾക്കും കേവലമായ ആസ്വാദന മേളകൾക്കും നൽകുന്ന പ്രാധാന്യം മാറ്റിവെച്ച്, നമ്മുടെ യുവാക്കളുടെയും വിദ്യാർഥികളുടെയും സർഗശേഷി വളർത്തുന്നതിന് ഓരോ സംഘടനയും മുന്നിട്ടിറങ്ങണം. വിരുന്നുകാർ വന്നുപോകുന്ന വെറും പ്രദർശനവേദികളല്ല പ്രവാസ ലോകത്തെ സാംസ്കാരിക കേന്ദ്രങ്ങൾ ആകേണ്ടത്; മറിച്ച് നമ്മുടെ സ്വന്തം പ്രതിഭകൾ വളരുന്ന കളരികളാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.