മനാമ: ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കെ. ജേക്കബ് അധ്യക്ഷതവഹിച്ച പരിപാടിയിൽ 25ലധികം പ്രവാസി പൗരന്മാർ പങ്കെടുത്തു. രാഷ്ട്രീയ ഏക്താ ദിവാസ് (ദേശീയോദ്ഗ്രഥന ദിനം) പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് അംബാസഡർ ഓപൺ ഹൗസ് ആരംഭിച്ചത്.
ദേശീയ ഐക്യത്തിനും അഖണ്ഡതക്കുമുള്ള പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. പ്രവാസികൾ തങ്ങളുടെ പാസ്പോർട്ടിന്റെ കാലാവധി കൃത്യമായി പരിശോധിക്കണമെന്നും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സമയബന്ധിതമായി പുതുക്കൽ നടത്തണമെന്നും അംബാസഡർ നിർദേശിച്ചു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി നടന്ന പരിപാടിയിൽ, മുൻ ഓപൺ ഹൗസുകളിൽ ഉന്നയിച്ച മിക്ക കേസുകൾക്കും പരിഹാരം കണ്ടതായി എംബസി അറിയിച്ചു. എംബസിയുടെ കമ്യൂണിറ്റി വെൽഫെയർ, കോൺസുലർ ടീമുകൾക്കൊപ്പം പാനൽ അഭിഭാഷകരും ഓപൺ ഹൗസിൽ സന്നിഹിതരായിരുന്നു. കോൺസുലർ, കമ്യൂണിറ്റി ക്ഷേമ കാര്യങ്ങളിൽ കൃത്യസമയത്ത് പിന്തുണ നൽകിയതിന് ബഹ്റൈൻ സർക്കാറിന്റെ തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഇമിഗ്രേഷൻ അധികൃതർ എന്നിവർക്ക് അംബാസഡർ നന്ദി അറിയിച്ചു. എംബസിയുടെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ഇന്ത്യൻ സമൂഹത്തോടും സംഘടനകളോടും അദ്ദേഹംനന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.