എൻ.എസ്.എസ് കെ.എസ്.സി.എ ഓണാഘോഷത്തിൽ നിന്ന്
മനാമ: ബഹ്റൈനിലെ മലയാളിസമൂഹത്തിനിടയിലെ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി എൻ.എസ്.എസിന്റെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (കെ.എസ്.സി.എ) അവതരിപ്പിച്ച വള്ളുവനാടൻ ഓണസദ്യ പ്രവാസിമലയാളികൾക്ക് പുതുമ നിറഞ്ഞ അനുഭവമായി. കേരളത്തിന്റെ തനത് രുചിയും പാരമ്പര്യവും പ്രവാസ ലോകത്തേക്ക് എത്തിച്ച ഈ ആഘോഷം ബഹ്റൈനിലെ സാംസ്കാരിക കൂട്ടായ്മയിൽ ഐക്യത്തിന്റെ സന്ദേശം നൽകി.
വള്ളുവനാടിന്റെ തനതായ രുചിക്കൂട്ടുകളോടെയുള്ള വിഭവങ്ങൾ ഒരുക്കിയത് നാട്ടിൽ നിന്നെത്തിയ പ്രശസ്ത പാചക വിദഗ്ധൻ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു. ബഹ്റൈനിലെ പാചക വിദഗ്ധരായ രവികുമാർ, ഗിരീഷ് എന്നിവരടങ്ങിയ സംഘവും ഇവർക്ക് പിന്തുണ നൽകി. രണ്ട് തരം പായസം ഉൾപ്പെടുത്തിയ സദ്യയിൽ, ‘പഴപ്രഥമൻ’ എന്ന പായസം അതിന്റെ അനന്യമായ രുചിയാൽ സദ്യക്ക് പ്രൗഢി നൽകി.
സദ്യക്ക് മുന്നോടിയായി നടന്ന ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് മിശ്ര മുഖ്യാതിഥിയായി. കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ആക്ടിങ് ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം ആശംസിച്ചു. പരിപാടിയുടെ അവതരണം പ്രിയയും ഹരീഷ് മേനോനും ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദി പറഞ്ഞു. കലാപരിപാടികളാലും നാടൻ പാട്ടുകളാലും ആഘോഷം അവിസ്മരണീയമായി.
ജനാർദ്ദനൻ നമ്പ്യാർ മുഖ്യ ഉപദേശകനും ചന്ദ്രശേഖരൻ കൺവീനറുമായ കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്. ബഹ്റൈനിലെ വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളും മതപ്രതിനിധികളും പങ്കെടുത്ത ഈ ഓണാഘോഷം പ്രവാസികൾക്കിടയിൽ ഒരുമയുടെയും കൂട്ടായ്മയുടെയും സന്ദേശം ഊട്ടിയുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.