മനാമ: ബഹ്‌റൈനിൽ കടുത്ത വേനൽച്ചൂടിനെ തുടർന്ന് തൊഴിലാളികൾക്ക് ആശ്വാസമേകുന്ന ഉച്ചസമയത്തെ ജോലി വിലക്ക് ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ കടുത്ത വെയിലുള്ള തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ബഹ്‌റൈനിൽ താപനിലയും അന്തരീക്ഷ ആർദ്രതയും വളരെ ഉയർന്ന നിലയിലായിരിക്കും. കടുത്ത ചൂട് കാരണം തൊഴിലാളികൾക്ക് സൂര്യാഘാതം, കടുത്ത ക്ഷീണം എന്നിവ ഉണ്ടാകുന്നത് തടയാനും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാലത്ത് ജോലിസ്ഥലങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ കുറയ്ക്കാൻ ഈ തീരുമാനം സഹായിക്കും.
ഉച്ചസമയത്തെ ജോലി വിലക്ക് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും അത് മന്ത്രാലയത്തെ അറിയിക്കാനായി പ്രത്യേക നമ്പറും സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് 17873921 എന്ന നമ്പറിൽ രാവിലെ 7 മുതൽ വൈകിട്ട് 4 വരെ ഫോൺ വഴിയോ അല്ലെങ്കിൽ അതേ നമ്പറിൽ വാട്‌സ്ആപ്പ് വഴിയോ വിവരങ്ങൾ കൈമാറാവുന്നതാണ്. നിയമനിർദ്ദേശം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന തൊഴിലുടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവോ, 500 ദിനാർ മുതൽ 1,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. നിയമലംഘനം ബാധിക്കുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ശിക്ഷയുടെ വ്യാപ്തിയും വർദ്ധിക്കും. കുറ്റം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.