ഖുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നേതൃത്വത്തിൽ നടന്ന മന്ത്രിസഭ യോഗം
മനാമ: പുതുവർഷാരംഭത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്കായി പൊതുകാര്യങ്ങളിൽ പുതിയ പ്രഖ്യാപനങ്ങൾ നടത്തി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. കിരീടാവകാശിയുടെ അധ്യക്ഷതയിൽ ഖുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ ആവിഷ്കരിച്ചത്. രാജ്യത്തെ വരവ്-ചെലവ്, നികുതിയിനങ്ങൾ, ഇന്ധനം, തൊഴിൽ, ആരോഗ്യ രംഗങ്ങളിലെല്ലാം സമൂലമായ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്.
സേവന നിലവാരം കുറക്കാതെതന്നെ സർക്കാർ സ്ഥാപനങ്ങളിലെ ഭരണപരമായ ചെലവുകൾ 20 ശതമാനം കുറക്കാനും ബജറ്റിലേക്കുള്ള സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ വിഹിതം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. പ്രതിവർഷം 2,00,000 ദീനാറിന് മുകളിൽ ലാഭമുള്ള പ്രാദേശിക കമ്പനികൾക്ക് 10 ശതമാനം നികുതി 2027 മുതൽ പ്രാബല്യത്തിൽ വരും. ശീതളപാനീയങ്ങളുടെ എക്സൈസ് നികുതി വർധിപ്പിക്കുന്നതിനുള്ള നിയമം നടപ്പിലാക്കാനും കിരീടാവകാശി നിർദേശിച്ചു.
വികസിപ്പിക്കാത്ത നിക്ഷേപ ഭൂമികൾക്ക് 2027 ജനുവരി മുതൽ ചതുരശ്ര മീറ്ററിന് 100 ഫിൽസ് പ്രതിമാസ ഫീസ്, ജല ഉപഭോഗത്തിന്റെ 20 ശതമാനം സീവേജ് സേവന ഫീസ്, സ്വദേശികൾക്ക് തൊഴിലവസരങ്ങളിൽ മുൻഗണന നൽകുന്നതിനായി പ്രവാസികളുടെ തൊഴിൽ-ആരോഗ്യ ഫീസുകൾ എന്നിങ്ങനെ പല മേഖലകളിലും പുതിയ നയങ്ങൾ അടുത്ത പുതുവർഷത്തിലായി ഘട്ടം ഘട്ടമായി നടപ്പാക്കും.
കമ്പനികൾക്കും ഫാക്ടറികൾക്കുമുള്ള പ്രകൃതിവാതക വില 2026 ജനുവരി മുതൽ നാലു വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി യാഥാർഥ്യമാക്കും. ഇന്ധന വില നിർണയിക്കുന്നതിനുള്ള പുതിയ സംവിധാനം വികസിപ്പിക്കും. മറ്റു വിഭാഗങ്ങളുടെ താരിഫുകൾ 2026 ജനുവരി മുതൽ പരിഷ്കരിക്കുമെങ്കിലും പൗരന്മാരുടെ പ്രഥമ വസതികളിലെ താരിഫ് മാറ്റമില്ലാതെ തുടരുമെന്നും നയത്തിൽ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശിച്ചിരുന്ന കിരീടാവകാശി, മുഹറഖിലെ ജനങ്ങൾ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് മന്ത്രിസഭ യോഗത്തിൽ നന്ദി അറിയിച്ചു. പുതുവർഷം രാജ്യത്തിന് ഐശ്വര്യവും നേട്ടങ്ങളും നൽകട്ടെ എന്ന് ആശംസിച്ച മന്ത്രിസഭ, 2025-2026 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വിജയാശംസകൾ നേർന്നു.
കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ
ഇന്ധനവില പരിഷ്കരിച്ചു
ബഹ്റൈനിലെ ഇന്ധനവില നിശ്ചയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നിശ്ചിത സമിതി പ്രാദേശിക ഇന്ധന നിരക്കുകൾ പരിഷ്കരിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഭ്യന്തര വില ക്രമീകരിക്കാനും സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കാനുമാണ് ഈ നീക്കം.
സൂപ്പർ 98 ഇന്ധനത്തിന് ലിറ്ററിന് 0.265 ദീനാർ, പ്രീമിയം 95ന് 0.235 ദീനാർ, റെഗുലർ 91- ലിറ്ററിന് 0.220 ദീനാർ ഡീസൽ ലിറ്ററിന് 0.200 ദീനാർ എന്നിങ്ങനെയാണ് പരിഷ്കരിച്ച ഇന്ധനനിരക്കുകൾ. പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ബഹ്റൈനിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്സിഡി തുടരുമെന്ന് സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.