മനാമ: ഇത്തവണത്തെ വിശുദ്ധ റമദാൻ മാസം പൂർണമായും ശൈത്യകാലത്തായിരിക്കുമെന്ന് പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റിദ അൽ അസ്ഫൂർ അറിയിച്ചു. 1997ന് ശേഷം ആദ്യമായാണ് റമദാൻ പൂർണമായും ശൈത്യകാലത്ത് വരുന്നത്. വരുംവർഷങ്ങളിൽ, അതായത് 2030 വരെ റമദാൻ ശൈത്യകാലത്തായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. മിതമായ കാലാവസ്ഥയും പകൽ ദൈർഘ്യം കുറവായതും നോമ്പ് അനുഷ്ഠിക്കുന്ന വിശ്വാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേനൽക്കാലത്തെ കഠിനമായ ചൂടും ദീർഘനേരത്തെ പകലും ഇത്തവണ ഉണ്ടാകില്ല. പകൽ സമയം കുറവായതിനാൽ ശാരീരികമായ ബുദ്ധിമുട്ടുകൾ കുറവായിരിക്കുമെന്ന് അൽ അസ്ഫൂർ പറഞ്ഞു.
ഫെബ്രുവരി 18 ബുധനാഴ്ച വൈകീട്ട് അഞ്ചിന് ബഹ്റൈൻ കോട്ടയിലെ വോക്ക്വേയിൽവെച്ച് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസുമായി സഹകരിച്ച് മാസപ്പിറവി നിരീക്ഷണ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ജ്യോതിശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. എങ്കിലും, ജ്യോതിശാസ്ത്രജ്ഞർ ശാസ്ത്രീയ വിവരങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും റമദാൻ, ഈദ് എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം രാജ്യത്തെ ബന്ധപ്പെട്ട മതകാര്യ അതോറിറ്റികളാണ് നിർവഹിക്കുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.