മനാമ: ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സൗദി ഹജ്ജ് മിഷൻ പുതിയ നിർബന്ധിത ഗതാഗതനിയമങ്ങൾ പ്രഖ്യാപിച്ചു. ബഹ്റൈനി ഹജ്ജ് മിഷനുമായി ചേർന്നുള്ള യോഗത്തിൽ ഹജ്ജ് കാമ്പയിനുകളുടെ പ്രതിനിധികളെയാണ് പുതിയ മാറ്റങ്ങൾ അറിയിച്ചത്. പുതിയ നിയമമനുസരിച്ച്, തീർഥാടകർക്ക് സൗദിയിലെ ആഭ്യന്തര ബസുകൾ ‘നുസ്ക്’ ആപ് വഴി മാത്രമേ ബുക്ക് ചെയ്യാനാവൂ. സൗദി ട്രാൻസ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ച കമ്പനികളുടെ ബസുകൾക്ക് മാത്രമേ ഇനി സർവിസ് നടത്താൻ അനുവാദമുണ്ടാകൂ. മക്കയിലേക്കുള്ള വരവ്, പുണ്യസ്ഥലങ്ങൾക്കുള്ളിലെ യാത്രകൾ, മദീനയിലേക്കുള്ള യാത്ര എന്നിവ ഉൾപ്പെടെ എല്ലാ യാത്രകൾക്കും ഈ ബസുകൾ നിർബന്ധമാണ്.
ബഹ്റൈൻ ബസുകൾക്ക് കിങ് ഫഹദ് കോസ്വേ കടന്നതിന് ശേഷം ഒരു നിശ്ചിത സ്ഥലത്തുനിന്ന് കരമാർഗമുള്ള യാത്രകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. അതേസമയം, ദമ്മാം വിമാനത്താവളം വഴി സർവിസ് നടത്തുന്ന വിമാനങ്ങളിലെ തീർഥാടകരെ അവിടേക്ക് കൊണ്ടുപോകുന്നതിനും തിരിച്ചെത്തിക്കുന്നതിനും ബഹ്റൈൻ ബസുകൾക്ക് ഇളവ് നൽകുന്ന കാര്യം ചർച്ചയിലാണെന്ന് കാമ്പയിൻ അധികൃതർ അറിയിച്ചു. മറ്റൊരു പ്രധാന മാറ്റം, മിനയിലെ ബഹ്റൈൻ തീർഥാടകർക്കായി നീക്കിവെച്ച സ്ഥലം ഒരു വലിയ വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയേക്കുമെന്നതാണ്. ടെന്റുകൾക്ക് പകരം ആധുനിക റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്ന ഒരു പദ്ധതിക്ക് മക്ക സിറ്റി, ഹോളി സൈറ്റ്സ് റോയൽ കമീഷൻ നേതൃത്വം നൽകുന്നുണ്ട്. പത്ത് അഞ്ച് നില കെട്ടിടങ്ങളും രണ്ട് നിലകളുള്ള ആധുനിക ടെന്റുകളും ഉൾപ്പെടുന്നതാണ് ആദ്യ ഘട്ടം. ഇതിൽ 30,000ത്തിലധികം തീർഥാടകരെ ഉൾക്കൊള്ളിക്കാൻ കഴിയും.
അടുത്ത ഹജ്ജ് സീസണിൽ ബഹ്റൈൻ തീർഥാടകരെ ഈ പുതിയ കെട്ടിടങ്ങളുടെ പരീക്ഷണഘട്ടത്തിൽ ഉൾപ്പെടുത്തിയേക്കുമെന്നും ഇത് ഒരു തീർഥാടകന് 300 ബഹ്റൈനി ദീനാർ വരെ ചെലവ് വർധിക്കാൻ കാരണമാകുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, കരാറുകാരോട് അവരുടെ പാക്കേജ് നിരക്കുകൾ പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാൻ ഒരു ഹജ്ജ് കാമ്പയിൻ ഉടമ നിർദേശിച്ചു.
ജിപ്സം ചാർജുകൾ, പുണ്യസ്ഥലങ്ങളിലെ വികസനച്ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള ചില സ്ഥിരീകരിച്ചതും വരാനിരിക്കുന്നതുമായ ഫീസുകൾ കണക്കിലെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ സീസണിൽ സംഭവിച്ചതുപോലെ ഈ ചെലവുകൾ അവഗണിക്കുന്നത് കാമ്പയിനുകൾക്ക് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.