മനാമ: രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, നഴ്സുമാരുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശവുമായി ‘സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക്’ രംഗത്ത്. രാജ്യത്തിന്റെ ആരോഗ്യ സംവിധാനം ദുർബലമാകാതിരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് പാർലമെന്റ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. നിലവിൽ ബഹ്റൈനിലെ നഴ്സുമാരിൽ 90 ശതമാനവും വിദേശികളാണെന്നും, ഇത് രാജ്യത്തിന്റെ ദീർഘകാല ആരോഗ്യ സുരക്ഷക്ക് വെല്ലുവിളിയാണെന്നും ബ്ലോക്ക് വിലയിരുത്തുന്നു.
സ്ട്രക്ചറൽ തിങ്കിങ് ബ്ലോക്കിന്റെ പ്രസിഡന്റും, പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയർമാനുമായ അഹമ്മദ് അൽ സല്ലൂം എം.പിയാണ് ഈ നിർദേശത്തിന് നേതൃത്വം നൽകിയത്. സമഗ്രമായ ഒരു ദേശീയ നയം രൂപവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇതിന്റെ ഭാഗമായി നഴ്സിങ് വിദ്യാഭ്യാസം വിപുലീകരിക്കാനും നിർദേശമുണ്ട്. ബഹ്റൈൻ വിദ്യാർഥികളെ ഈ മേഖലയിലേക്ക് ആകർഷിപ്പിക്കണമെന്നും ദീർഘകാലം നഴ്സിങ് ജോലിയിൽ തുടരാൻ പ്രോത്സാഹനങ്ങൾ നൽകണമെന്നും വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും നിർദേശിച്ചു.
നിലവിൽ ബഹ്റൈനിലുള്ള 10,299 ലൈസൻസുള്ള നഴ്സുമാരിൽ 90 ശതമാനവും വിദേശികളാണ്. സർക്കാർ മേഖലയിൽ ഏകദേശം 7,600 ഉം സ്വകാര്യ മേഖലയിൽ ഏകദേശം 2,700 നഴ്സുമാരുമുണ്ട്. ഇപ്പോഴത്തെ നഴ്സിങ് ക്ഷാമം പരിഹരിക്കാൻ രാജ്യത്തിന് 3,000 നഴ്സുമാരെ ആവശ്യമുണ്ടെന്ന് അൽ സല്ലൂം എം.പി പറഞ്ഞു. ഈ അക്കാദമിക് വർഷം 4,000 സ്കോളർഷിപ്പുകൾ അനുവദിച്ചതിൽ 300 എണ്ണം നഴ്സിങ്ങിനാണ്. ഇത് പ്രോത്സാഹജനകമായ ഒരു നീക്കമാണെങ്കിലും, നിലവിലെ ആവശ്യത്തിന് ഇത് പര്യാപ്തമല്ലെന്ന് അൽ സല്ലൂം ചൂണ്ടിക്കാട്ടി. നഴ്സുമാരുടെ എണ്ണത്തിലുള്ള കുറവ് ആശുപത്രികളെയും ക്ലിനിക്കുകളെയും വലിയ സമ്മർദത്തിലാക്കുമെന്നും, ഇത് രോഗീപരിചരണത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നഴ്സിങ് കേവലം ഒരു ജോലിയല്ല, ഒരു സേവനമാണെന്നതാണ്. കൂടുതൽ ബഹ്റൈനികളെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നത് സാംസ്കാരികമായി ഏറെ പ്രധാനപ്പെട്ടതാണെന്നും ബു അനക് അഭിപ്രായപ്പെട്ടു. സ്വന്തം സംസ്കാരവും ഭാഷയും അറിയുന്ന ഒരു ആരോഗ്യ പ്രവർത്തകരിൽ നിന്ന് ചികിത്സ ലഭിക്കുമ്പോൾ പൗരന്മാർക്ക് കൂടുതൽ ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിർദേശം ഇപ്പോൾ പാർലമെന്റിന്റെ സർവിസസ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.