ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സയൻസ്- കമ്പ്യൂട്ടർ സയൻസ് വാരാഘോക്ഷത്തിൽനിന്ന്
മനാമ: സയൻസ്- കമ്പ്യൂട്ടർ സയൻസ് വാരാഘോക്ഷം സംഘടിപ്പിച്ച് ന്യൂ മില്ലേനിയം സ്കൂൾ. ആഗോള ശാസ്ത്രീയവും സാങ്കേതികവുമായ കാഴ്ചപ്പാടുകളിലേക്ക് വിദ്യാർഥികളെ എത്തിക്കുക, ശാസ്ത്രവും സാങ്കേതികവിദ്യയും ഭാവിയിലും ദൈനംദിന ജീവിതത്തിലും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് അവബോധം നൽകുക എന്നിവയായിരുന്നു മേയ് 11 മുതൽ 15 വരെ സംഘടിപ്പിച്ച ആഘോഷത്തിന്റെ ലക്ഷ്യം. കുട്ടികൾ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും തൊപ്പികൾ അണിഞ്ഞ് ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുകയും നൂതന സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
ബലൂൺ കാർ, മനുഷ്യ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തന മാതൃക, പെരിസ്കോപ്പിന്റെ പ്രവർത്തന മാതൃക, ഉപഗ്രഹ ആശയവിനിമയ സംവിധാനം, സൗരോർജത്തിൽ പ്രവർത്തിക്കുന്ന അടുപ്പുകൾ എന്നിങ്ങനെ നിരവധി ശാസ്ത്രീയ ആശയങ്ങളുടെ മാതൃകകൾ കുട്ടികൾ നിർമിച്ച് പ്രദർശിപ്പിച്ചു.
സൈബർ സുരക്ഷ, സുസ്ഥിര വികസനം, ശാസ്ത്രീയ അന്വേഷണത്തിന്റെ പ്രാധാന്യം എന്നിവയിൽ വിദ്യാർഥികൾ കാമ്പയിനുകൾ നടത്തുകയും വൈദ്യുതി സംരക്ഷണം, ഭക്ഷണത്തിന്റെ പാഴാകൽ എന്നിവയിൽ സർവേകൾ നടത്തുകയും ചെയ്തു.
ശാസ്ത്രത്തിന്റെയും എ.ഐയുടെയും പുരോഗതി ആഘോഷിക്കുന്ന പ്രത്യേക അസംബ്ലികൾ, മൂന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ഇന്റർ ഹൗസ് ക്വിസ് മത്സരങ്ങൾ, പ്രവർത്തനങ്ങളുടെ പ്രദർശനം എന്നിവ ആഘോഷത്തിന് കൂടുതൽ ചാരുത നൽകി. സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ കുട്ടികൾ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അനിമേറ്റഡ് കഥകൾ ഉണ്ടാക്കുകയും മൊബൈൽ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്യുകയും ചെയ്തു.
പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ വിദ്യാർഥികളോട് ശാസ്ത്രീയ അന്വേഷണത്തിന്റെയും ഡിജിറ്റൽ സാക്ഷരതയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
നൂതനമായ സൃഷ്ടികൾക്കും മികച്ച അവതരണങ്ങൾക്കും വിദ്യാർഥികളെയും മെന്റർമാരെയും അദ്ദേഹം അഭിനന്ദിച്ചു.
ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും അവരുടെ സജീവമായ പങ്കാളിത്തത്തിന് അഭിനന്ദിക്കുകയും അവരുടെ മികച്ച പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.