അർബുദ രോഗികൾക്ക് മുടി ദാനം നൽകാനെത്തിയ
നീതു ബിനു
മനാമ: അർബുദ രോഗികൾക്ക് ആശ്വാസമേകാൻ മുടി ദാനം ചെയ്ത് കോട്ടയം സ്വദേശിനി നീതു ബിനു മാതൃകയായി. ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി യു.കെയിലേക്ക് ജോലിക്ക് പോകുന്നതിന് മുന്നോടിയായാണ് നീതു സന്നദ്ധ പ്രവർത്തനം പൂർത്തിയാക്കിയത്.
ബഹ്റൈൻ കാൻസർ സൊസൈറ്റിക്കുവേണ്ടി വിഗ്ഗുകൾ നിർമിക്കുന്ന ഹെഡ് ടു ട്യൂ സലൂണിൽനിന്നാണ് നീതു മുടി മുറിച്ചെടുത്ത് കൈമാറിയത്. അർബുദരോഗികൾക്ക് മുടി ദാനം ചെയ്യണമെന്ന ആഗ്രഹം നീതുവിന്റെ 12 വയസ്സുള്ള മകൻ അശ്വിൻ അഭിലാഷ് പങ്കുവെച്ചതാണ് ഈ ഉദ്യമത്തിന് പ്രചോദനമായത്. മകന്റെ ആഗ്രഹം കേട്ട നീതു, സമാനമായ താൽപര്യം തനിക്കുണ്ടെന്ന് കാൻസർ കെയർ ഗ്രൂപ്പിനെ അറിയിക്കുകയായിരുന്നു. കീമോതെറപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ടമാകുന്ന കുട്ടികൾ അടക്കമുള്ള അർബുദ രോഗികൾക്ക് ബഹ്റൈൻ കാൻസർ സൊസൈറ്റി സൗജന്യമായാണ് വിഗ്ഗുകൾ നൽകിവരുന്നത്. അർബുദ രോഗികൾക്കായി മുടി ദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് ഈ ഉദ്യമത്തിൽ പങ്കുചേരാം.
ദാനം ചെയ്യേണ്ട മുടിയുടെ കുറഞ്ഞ നീളം: 21 സെന്റീമീറ്റർ. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും ബന്ധപ്പെടുക: കാൻസർ കെയർ ഗ്രൂപ്, നമ്പർ: 33750999.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.