മനാമ: ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ (ഐ.ജി.എ) ഇസ ടൗണിലെ സേവന കേന്ദ്രത്തിൽ വിവിധ സേവനങ്ങൾക്കായി ഇന്നുമുതൽ അപ്പോയിന്റ്മെന്റ് നിർബന്ധമാക്കി.
‘മവാഈദ്’ എന്ന നാഷനൽ അപ്പോയിന്റ്മെന്റ് ആപ്ലിക്കേഷൻ വഴിയാണ് ഇനി മുതൽ സമയക്രമം ബുക്ക് ചെയ്യേണ്ടത്. ഗവൺമെന്റ് സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ജനന, മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ, കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള അഡ്രസ്സ് സേവനങ്ങൾ എന്നിവയാണ് പ്രധാനമായും ലഭ്യമാകുന്ന സേവനങ്ങൾ.
എങ്ങനെ അപ്പോയിന്റ്മെന്റ് എടുക്കാം
നേരിട്ട് സെന്ററിലെത്തി ടോക്കൺ എടുക്കുന്ന പഴയ രീതിക്ക് പകരമായാണ് പുതിയ സംവിധാനം വന്നിരിക്കുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ അല്ലെങ്കിൽ bahrain.bh/apps എന്ന വെബ്സൈറ്റ് വഴി ‘Mawaeed’ ആപ് ഇൻസ്റ്റാൾ ചെയ്യാം. പിന്നീട് സി.പി.ആർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആവശ്യമായ സേവനവും സമയവും തിരഞ്ഞെടുക്കാം. അപ്പോയിന്റ്മെന്റ് സ്ഥിരീകരിച്ചും ഓർമിപ്പിച്ചും മൊബൈലിൽ സന്ദേശങ്ങൾ ലഭിക്കും.
ജനന-മരണ സർട്ടിഫിക്കറ്റുകൾക്കും അഡ്രസ് സേവനങ്ങൾക്കുമായി ഭൂരിഭാഗം കാര്യങ്ങളും bahrain.bh എന്ന പോർട്ടൽ വഴി ഓൺലൈനായി തന്നെ പൂർത്തിയാക്കാവുന്നതാണ്. നേരിട്ട് ഓഫിസിൽ എത്തേണ്ടവർക്ക് മാത്രമേ അപ്പോയിന്റ്മെന്റ് ആവശ്യമുള്ളൂ. നിലവിൽ 20 സർക്കാർ സ്ഥാപനങ്ങളുടെ 46 സർവിസ് സെന്ററുകൾ ഈ ആപ്പിന് കീഴിലുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഗവൺമെന്റ് സർവിസ് കോൺടാക്ട് സെന്ററിൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം. പരാതികളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ ‘തവാസുൽ’ വഴി അറിയിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.