മനാമ: ദേശീയദിനാഘോഷങ്ങളുടെ ആഹ്ലാദത്തിലേക്ക് രാജ്യം പ്രവേശിച്ചു. ഇതിന്റെ ഭാഗമായി, വ്യത്യസ്ത തരത്തിലുള്ള ആഘോഷപരിപാടികളാണ് ഡിസംബറിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ സർക്കാർ അതോറിറ്റികളുടെയും മന്ത്രാലയങ്ങളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ദേശീയദിനാഘോഷങ്ങളെ സൂചിപ്പിക്കുന്ന പോസ്റ്റർ ചേർത്ത് ആഘോഷങ്ങളുടെ വരവറിയിച്ചു. ബഹ്റൈൻ ആഘോഷം എന്ന പേരിലുള്ള പോസ്റ്ററിൽ 'ആദരണീയ രാജ്യം' എന്ന പേരിലുള്ള (ബലദുൽ കറം) എന്ന ഹാഷ്ടാഗുമുണ്ട്.
രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യമുയർത്തുന്ന പരിപാടികൾ ഏകീകൃത രൂപത്തിൽ വിവിധ ഗവർണറേറ്റുകളിൽ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. മുഹറഖ് നൈറ്റ്സ് എന്ന പേരിൽ മുഹറഖിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ ഒന്നു മുതൽ 10 വരെ സംഘടിപ്പിക്കുന്ന പരിപാടികളോടെയാണ് 'ബഹ്റൈനുനാ' (നമ്മുടെ ബഹ്റൈൻ) ആഘോഷത്തിന് തുടക്കമായത്. സംഗീതപരിപാടികൾ, ശിൽപശാലകൾ, പ്രദർശനങ്ങൾ തുടങ്ങിയവയെല്ലാം മുഹറഖ് നൈറ്റ്സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വടക്ക് സിയാദി മജ്ലിസ് മുതൽ തെക്ക് ഖലത് ബു മഹ്ർ വരെ നീണ്ടുകിടക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മുഹറഖിന്റെ ചരിത്രവും പൈതൃകവും അടുത്തറിയാനുള്ള അവസരമാണ് സന്ദർശകർക്ക് ലഭിക്കുന്നത്. www.peaerlingpath.bh എന്ന വെബ്സൈറ്റിൽ പരിപാടികൾ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയുമായി സഹകരിച്ച് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ദേശീയ അവബോധം ശക്തിപ്പെടുത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ ബഹ്റൈൻ ഫോർട്ടിൽ ആരംഭിച്ചു. ബഹ്റൈന്റെ ചരിത്രവും പാരമ്പര്യവും ഉണർത്തുന്ന കലാപരിപാടികളുമുണ്ടാവും. പൊലീസ് ബാൻഡ് അടക്കമുള്ള സംഗീതപരിപാടികളും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.