മനാമ: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) 'ഹെൽത്തി ഗവർണറേറ്റ്' പദവി നേടി മുഹറഖ് ഗവർണറേറ്റ്. ഡബ്ല്യു.എച്ച്.ഒയുടെ ഹെൽത്തി സിറ്റീസ് പ്രോഗ്രാമിന്' കീഴിലുള്ള 'ഹെൽത്തി ഗവർണറേറ്റ്' പദവിയാണ് മുഹറഖ് സ്വന്തമാക്കിയത്. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ മുഹറഖ് ഗവർണറേറ്റ് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിലും ഗവർണറേറ്റ് വലിയ ശ്രദ്ധ നൽകിയിട്ടുണ്ട്.
നേട്ടത്തിൽ ബഹ്റൈൻ ഭരണാധികാരികളോട് മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായി നന്ദി അറിയിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും മുഹറഖിലെ ജനങ്ങൾക്ക് വേണ്ടി ഗവർണർ നന്ദി രേഖപ്പെടുത്തി. ഈ അന്താരാഷ്ട്ര അംഗീകാരം ഭരണനേതൃത്വത്തിന്റെ മികച്ച കാഴ്ചപ്പാടിന്റെയും അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ഗവർണറേറ്റിന്റെ പ്രതിബദ്ധതയുടെയും പ്രതിഫലനമാണെന്ന് ഗവർണർ അൽ മന്നായി പറഞ്ഞു.
ഇത് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഊർജം നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേട്ടം കൈവരിക്കുന്നതിൽ നിർണായക പിന്തുണയും പങ്കും അറിയിച്ച ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയെയും ഗവർണർ പ്രശംസിച്ചു. മെച്ചപ്പെട്ട പൊതുജനാരോഗ്യം, സുസ്ഥിര വികസനം, സാമൂഹിക സൗകര്യങ്ങൾ, സർക്കാർ-പൊതുജന പങ്കാളിത്തം എന്നിവയിൽ മികവ് കാണിച്ചതിനാണ് മുഹറഖിനെ നേട്ടത്തിലെത്തിച്ചത്.
നഗരങ്ങളെയും ഗ്രാമങ്ങളെയും ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഹെൽത്തി സിറ്റീസ് പ്രോഗ്രാം' പ്രവർത്തിക്കുന്നത്. ഈ പരിപാടിക്ക് കീഴിൽ വരുന്ന നഗരങ്ങൾ ആരോഗ്യ സംരക്ഷണം, സാമൂഹിക വികസനം, പാരിസ്ഥിതിക സുരക്ഷ തുടങ്ങിയ മേഖലകളിൽ മികച്ച നിലവാരം പുലർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.