ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്ന മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി
അൽ മന്നായി
മനാമ: മുഹറഖിലെ താമസക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ഭവന പദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശിച്ചു. കൂടാതെ, എല്ലാ ആവശ്യമായ സേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കണം, ഗതാഗതക്കുരുക്ക് ഒഴിവാക്കണം, താമസക്കാർക്കും സന്ദർശകർക്കും തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കണം, കൂടാതെ നഗരത്തിന് പുറത്തുള്ള തൊഴിലാളികൾക്ക് അനുയോജ്യമായ താമസ സൗകര്യങ്ങൾ ഒരുക്കണം എന്നും രാജാവ് അറിയിച്ചു.
മുഹറഖ് നഗര വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായിയുമായി സഫ്രിയ പാലസിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു ഹമദ് രാജാവ്. മുഹറഖിന്റെ ചരിത്രപരവും സാംസ്കാരികപരവുമായ തനിമ നിലനിർത്തുന്നതിനാവശ്യമായ വികസനങ്ങൾ ചർച്ച ചെയ്യുന്നതിലാണ് യോഗം ഊന്നൽ നൽകിയത്.
ബഹ്റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്കാരികപരവുമായ തനിമ സംരക്ഷിക്കുന്നതിൽ രാജ്യത്തിനുള്ള താൽപര്യം ഹമദ് രാജാവ് സൂചിപ്പിച്ചു. താമസക്കാർക്ക് പ്രയോജനകരമായ രീതിയിൽ അതിവേഗം മുന്നോട്ടുപോകുന്ന മുഹറഖ് നഗര വികസന പദ്ധതിയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. മുഹറഖിന്റെ ചരിത്രപരമായ പ്രാധാന്യം, അവിടത്തെ ജനങ്ങളുടെ ആധികാരികതയും വിവിധ മേഖലകളിലെ തുടർച്ചയായ സംഭാവനകളും രാജാവ് അനുസ്മരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ മുഹറഖിനുള്ള വലിയ ദേശീയ മൂല്യവും സ്ഥാനവും അദ്ദേഹം ചൂണ്ടിക്കാട്ടി.പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കാൻ ഹമദ് രാജാവ് ഗവർണറെ ചുമതലപ്പെടുത്തി. നഗരത്തിന്റെ പൈതൃകവും ചരിത്രപരമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്ന വികസന പദ്ധതികൾക്ക് ഹമദ് രാജാവിനോടുള്ള നന്ദിയും അഭിനന്ദനവും യുവജന കായിക ഉപദേഷ്ടാവും മുഹറഖ് ഗവർണറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.