മനാമ: റസ്റ്റാറന്റുകളിലെ മെനുവിൽ കലോറി വിവരങ്ങൾ നിർബന്ധമാക്കാൻ ആവശ്യം ശക്തമാക്കി ബഹ്റൈൻ ജനപ്രതിനിധികൾ. ഈ നിയമം നടപ്പാക്കാത്ത ഏക ജി.സി.സി രാജ്യമാണ് ബഹ്റൈൻ. അതുകൊണ്ട് ഈ വിഷയത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്ന് പാർലമെന്റ് അംഗങ്ങളും മുനിസിപ്പൽ നേതാക്കളും ആവശ്യപ്പെട്ടു. നിയമം 2018ൽ ബഹ്റൈൻ അംഗീകരിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതിനിടെ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ തുടങ്ങിയ എല്ലാ ജി.സി.സി രാജ്യങ്ങളും ഈ നിയമം നടപ്പിലാക്കിക്കഴിഞ്ഞു. ഈ കാര്യത്തിൽ ആദ്യം മുൻകൈയെടുത്ത ബഹ്റൈൻ ഇപ്പോൾ ഏറ്റവും പിന്നിലായി നിൽക്കുന്നത് നാണക്കേടാണെന്ന് ‘സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക്’ പ്രസിഡന്റും പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയർമാനുമായ അഹമ്മദ് അൽ സല്ലൂം എം.പി പറഞ്ഞു.
ബഹ്റൈനിലെ കൗമാരക്കാരിൽ മൂന്നിലൊന്നുപേരും അമിതഭാരമുള്ളവരാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് കാരണം പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണരീതികളാണ്. ഈ സാഹചര്യത്തിൽ, ആളുകൾക്ക് ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാൻ ആവശ്യമായ വിവരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണെന്ന് അൽ സല്ലൂം എം.പി പറഞ്ഞു. സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഉൽപന്നങ്ങൾക്ക് പോഷക വിവരങ്ങൾ നിർബന്ധമാണെങ്കിൽ, റസ്റ്റാറന്റുകൾക്കും ഈ സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ കഴിക്കുന്നതെന്താണെന്ന് അറിയാൻ അവർക്ക് അവകാശമുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങൾക്കും കലോറി വിവരങ്ങൾ ലഭ്യമായതിനാൽ, ശരിയായ സമ്മർദമുണ്ടെങ്കിൽ വേഗത്തിൽ ഈ നിയമം നടപ്പാക്കാൻ ബഹ്റൈനും സാധിക്കുമെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വൈസ് ചെയർപേഴ്സൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു.
നിയമം നടപ്പാക്കുന്നതിലെ കാലതാമസത്തിനുള്ള കൃത്യമായ കാരണം വ്യക്തമല്ല. കലോറി വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള ഏകീകൃത മാനദണ്ഡങ്ങൾ രൂപവത്കരിക്കുന്നതിനും, അവ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചന. ഒരു സ്വകാര്യ കമ്പനിയെ ഈ ചുമതല ഏൽപ്പിക്കുന്നത് പരിഹാരമാകുമെന്ന് അൽ സല്ലൂം എം.പി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.