മനാമ: ബഹ്റൈനിലെ പാർപ്പിട മേഖലകളിൽ ട്രക്കുകളും മറ്റ് വലിയ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് നിരോധിക്കാനുള്ള നീക്കം ശക്തമാകുന്നു. വർഷങ്ങളായി താമസക്കാർ ഉന്നയിക്കുന്ന പരാതികൾക്ക് അറുതിവരുത്തുന്നതിനായാണ് രാജ്യത്തുടനീളമുള്ള മുനിസിപ്പൽ കൗൺസിൽ നേതാക്കൾ കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറാണ് പുതിയ നിർദേശത്തിന് മുൻകൈയെടുത്തത്. വീടുകൾക്ക് സമീപം ട്രക്കുകൾ നിർത്തിയിടുന്നത് പൂർണമായി നിരോധിക്കാനും, അതേസമയം നിർദിഷ്ട റൂട്ടുകളിലൂടെയുള്ള സഞ്ചാരം നിയന്ത്രിക്കാനും ഈ നിർദേശം ലക്ഷ്യമിടുന്നു. നിലവിൽ, ചില സമയങ്ങളിൽ മാത്രമാണ് ട്രക്കുകൾക്ക് നിയന്ത്രണങ്ങളുള്ളത്. എന്നാൽ അത് പൂർണമായി തടയുന്നതിന് ഈ നിയമങ്ങൾകൊണ്ട് കഴിഞ്ഞിട്ടില്ലെന്നും അതിനൊരു മാർഗം കാണണമെന്നും മുനിസിപ്പൽ പ്രതിനിധികൾ പറയുന്നു.
പാർപ്പിട മേഖലകൾ താമസക്കാർക്ക് ഉപയോഗിക്കാനുള്ളതാണെന്നും അല്ലാതെ വലിയ വാഹനങ്ങൾ സൂക്ഷിക്കാനുള്ളതല്ലെന്നും അൽ നാർ പറഞ്ഞു. തെരുവുകൾ ട്രക്ക് യാർഡുകളായി മാറുന്നുവെന്ന് താമസക്കാരിൽനിന്ന് നിരന്തരം പരാതികൾ ലഭിക്കുന്നുണ്ട്. ഇത് കാറുകൾ പാർക്ക് ചെയ്യുന്നതിനും കാൽനടപ്പാതകൾക്ക് നാശനഷ്ടമുണ്ടാക്കുന്നതിനും സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുവെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ കൗൺസിലുകൾ ഈ നിർദേശം സർക്കാറിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ആഭ്യന്തര മന്ത്രാലയവുമായും പൊതുമരാമത്ത് മന്ത്രാലയവുമായും ചേർന്ന് നിയമം നടപ്പാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.