മരണപ്പെട്ട ഹസൻ അൽ
മഹരി
മനാമ: സ്കൂൾ വാഹനത്തിൽ അകപ്പെട്ട് നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിയായ സ്ത്രീയോട് ക്ഷമിച്ച് മരിച്ച കുട്ടിയുടെ മാതാവ്. ദാരുണമായ ഈ സംഭവത്തിൽ പ്രതിക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ താൽപ്പര്യപ്പെടുന്നതായി മാതാപിതാക്കൾ കോടതിയെ അറിയിച്ചു.
കിന്റർഗാർട്ടനിലേക്ക് പോകുന്നതിനിടെ കാറിൽ ഉറങ്ങിപ്പോയ ഹസൻ അൽ മഹരി എന്ന നാല് വയസ്സുകാരനായിരുന്നു മരിച്ചത്. ഈ കേസിൽ 40 വയസ്സുള്ള ഒരു ബഹ്റൈനി യുവതിയാണ് പ്രതി. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഇവരുടെ ഭർത്താവ് മറ്റൊരു കേസിലകപ്പെട്ട് സൗദിയിൽ ജയിലിൽ കഴിയുകയാണ്. ജീവിതമാർഗമെന്ന നിലയിലാണ് ഇവർ കുട്ടികളെ വാഹനത്തിൽ കിന്റർഗാർട്ടനിലെത്തിച്ചിരുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവനും താൻ ഏറ്റെടുക്കുന്നുവെന്നും കുട്ടിയുടെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതായും പ്രതി നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ, മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ ബന്ധു, കേസ് പിൻവലിക്കാൻ അമ്മ ആഗ്രഹിക്കുന്നതായി കോടതിയെ അറിയിച്ചു. പ്രതിക്ക് ക്ഷമ നൽകാനും അവർക്കെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കാനും അമ്മ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നിൽ ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇതൊരു അപ്രതീക്ഷിത അപകടമാണെന്നും അവർ വിശ്വസിക്കുന്നു.മാതാപിതാക്കൾക്ക് ഈ വിഷയം അവസാനിപ്പിക്കണമെന്നും ബന്ധു കോടതിയിൽ പറഞ്ഞു.
ജഡ്ജിമാർ അഭിപ്രായം ആരാഞ്ഞപ്പോൾ, നഷ്ടത്തിന് താൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രതി സമ്മതിച്ചു. തുടർന്ന് കേസ് പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജഡ്ജിമാർ ഇരകളുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കൂടാതെ, കുട്ടിയുടെ പിതാവ് പ്രതിക്കും കേസിൽ ഉൾപ്പെട്ട എല്ലാവർക്കും ക്ഷമിക്കാനുള്ള തന്റെ തീരുമാനം വിശദീകരിച്ച് ഒരു പൊതു കത്ത് എഴുതുകയും ചെയ്തിരുന്നു.
മൂന്ന് കുട്ടികളുള്ള പ്രതിയുടെ അവസ്ഥ പരിഗണിച്ച് അവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കാതിരിക്കാനാണ് താൻ ക്ഷമിക്കുന്നതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. ശിക്ഷയോ തടവോ നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരില്ലെന്നും എന്നാൽ ക്ഷമക്ക് ഹൃദയങ്ങളെ പുനരുജ്ജീവിപ്പിക്കാനും കാരുണ്യം വളർത്താനും കഴിയുമെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.
പണമോ നഷ്ടപരിഹാരമോ ആവശ്യമില്ലെന്നും അത് പ്രതിയുടെ കുടുംബത്തിന് ഭാരമാവുമെന്നും മറ്റുള്ളവരുടെ വേദനയിൽ നിന്ന് ലഭിക്കുന്ന പണത്തിൽ നിന്ന് ഞാൻ സമ്പന്നനാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും കുട്ടികൾ ഹാജരാകാതിരുന്നാൽ മാതാപിതാക്കളെ അറിയിക്കാൻ നിയമനിർമാണം നടത്തണമെന്ന് അദ്ദേഹം അധികാരികളോട് അഭ്യർഥിച്ചു.
സംഭവത്തിനുപിന്നാലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ലൈസൻസില്ലാത്ത ഡ്രൈവർമാരെ ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർഥിച്ചു. കൂടാതെ വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സ്കൂൾ ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരെ ലക്ഷ്യമിട്ട് ബോധവത്കരണ കാമ്പയിനുകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.