മനാമ: രാജ്യത്ത് 47000ത്തിലധികം സ്വദേശികൾ ഇപ്പോഴും വീടിനായി കാത്തിരിക്കുന്നുണ്ടെന്ന് പാർലമെന്ററി അന്വേഷണ റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള അപേക്ഷകളും ഇപ്പോഴും നടപടിയാകാതെ കിടപ്പുണ്ടെന്നാണ് കണ്ടെത്തൽ. ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പരിശോധിക്കുന്നതിനായി ആരംഭിച്ച അന്വേഷത്തിൽ മന്ത്രാലയത്തിന്റെ സ്ഥാപക ഉദ്ദേശ്യങ്ങളിൽനിന്ന് വ്യതി ചലിച്ചതായും അപേക്ഷ നൽകിയവരുടെ പട്ടികയിൽ ദീർഘകാലം കാത്തിരിക്കുന്നവരെ പരിഗണിക്കുന്നതിൽ വന്ന അപാകതകളെയും കണ്ടെത്തി.
കണക്കുകൾ പ്രകാരം 44,000ത്തിലധികം അപേക്ഷകൾ ഇപ്പോഴും ഭവന നിർമാണവുമായി മാത്രം ബന്ധപ്പെട്ടതാണ്. അതിൽ 20,000ത്തിലധികം അപേക്ഷകൾ വടക്കൻ ഗവർണറേറ്റിൽ നിന്ന് മാത്രമാണ്. 12,000ത്തലധികം അപേക്ഷകളുമായി തലസ്ഥാന ഗവർണറേറ്റാണ് തൊട്ടുപിന്നിൽ. ബാക്കിയുള്ളവ മുഹറഖിലും തെക്കൻ ഗവർണറേറ്റിലുമാണ്.
വീടുകൾ അനുവദിക്കുന്നതിൽ പരിഗണിക്കുന്നത് അപേക്ഷ നൽകിയ പ്രകാരമുള്ള ക്രമത്തിലും പ്രാദേശിക വിതരണ നിയമങ്ങൾ മാനദണ്ഡമാക്കിയുമാണെന്ന് മന്ത്രാലയം വാദിച്ചു. എന്നാൽ അപാകത കണ്ടെത്തിയ കമ്മിറ്റി, ഇത് പഴയ അപേക്ഷകരെ മറികടന്ന് ചിലർക്ക് പെട്ടെന്ന് വീട് ലഭിക്കാൻ കാരണമായിട്ടുണ്ടെന്നും അതുമൂലം കാത്തിരിക്കുന്ന ആളുകൾക്കിടയിൽ വലിയ അതൃപ്തിക്ക് ഇടയാക്കുന്നുവെന്നും പറഞ്ഞു.
ധനസഹായപദ്ധതികൾ പരിമിതമായ ഗുണം മാത്രമെ ചെയ്യുന്നുള്ളൂ, കുറഞ്ഞ വരുമാനമുള്ള പലർക്കും ഇത് താങ്ങാനാവുന്നില്ല. സർക്കാർ ഭവനപദ്ധതികളുടെ ചെലവിലും ഡേറ്റയിലും പൊരുത്തക്കേടുകളുണ്ട്. ഒരു കാലത്ത് സാമൂഹിക ഐക്യത്തിന് സഹായിച്ചിരുന്ന ഭവനം ഇപ്പോൾ ഭിന്നതക്ക് കാരണമാകുന്നു അന്വേഷണ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.