മനാമ: ബഹ്റൈനിലെ യുവ മാധ്യമപ്രവർത്തകരുടെ കഴിവും പ്രഫഷണലിസവും അംഗീകരിക്കുന്നതിനായി യുവജന മന്ത്രാലയം 'എക്സെപ്ഷണൽ മീഡിയ പ്രഫഷണൽ' എന്ന പേരിൽ പുതിയ സംരംഭം പ്രഖ്യാപിച്ചു.
എല്ലാവർഷവും മാർച്ച് 25ന് ആഘോഷിക്കുന്ന 'ബഹ്റൈൻ യുവജന ദിന'ത്തോടനുബന്ധിച്ചാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മൂല്യങ്ങളും ദേശീയ സ്വത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് മികച്ച മാധ്യമസന്ദേശങ്ങൾ സമൂഹത്തിലെത്തിക്കുന്ന യുവ പ്രതിഭകളെ ശാക്തീകരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
മാധ്യമരംഗത്തെ വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന യുവ മാധ്യമപ്രവർത്തകരെ കണ്ടെത്താനും അവരുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആധുനിക മാധ്യമരംഗത്തെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ പ്രാപ്തിയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മാധ്യമരംഗത്ത് ഉത്തരവാദിത്തബോധമുള്ള പ്രഫഷനൽ സംസ്കാരം വളർത്തുന്നതിനും ഈ സംരംഭം വലിയ പങ്ക് വഹിക്കും.
രാജ്യത്തെ യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പുതിയ പദ്ധതിയെന്ന് യുവജന കാര്യ മന്ത്രി റവാൻ ബിൻ നജീബ് തൗഫീഖി പറഞ്ഞു. ബഹ്റൈനിലെ യുവജനങ്ങൾ ദേശീയ മാധ്യമ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഇതിനകം തന്നെ വലിയ പ്രാപ്തിയും ഉത്തരവാദിത്തബോധവും തെളിയിച്ചിട്ടുള്ളവരാണെന്നും അവർ കൂട്ടിച്ചേർത്തു.
യുവ മാധ്യമപ്രവർത്തകർക്കായി നടത്തുന്ന ഇത്തരം നിക്ഷേപങ്ങൾ യഥാർഥത്തിൽ സാമൂഹിക ബോധവത്കരണത്തിനായുള്ള മുതൽക്കൂട്ടാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ നേട്ടങ്ങൾ പ്രാദേശികമായും അന്തർദേശീയമായും ഉയർത്തിക്കാട്ടുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. ഈ സംരംഭത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള യോഗ്യരായ യുവ മാധ്യമപ്രവർത്തകർക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.mya.gov.bh) വഴി രജിസ്റ്റർ ചെയ്യാമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.