മനുഷ്യജീനോം സീക്വൻസിങ്ങിനായി സ്ഥാപിച്ച അത്യാധുനിക സംവിധാനം സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്യുന്നു
മനുഷ്യ ജീനോം സീക്വൻസിങ്ങിന് ആധുനിക സംവിധാനം
മനാമ: മനുഷ്യ ജീനോം സീക്വൻസിങ്ങിനായി അത്യാധുനിക സംവിധാനം സ്ഥാപിച്ച് രാജ്യം. ഇത്തരം സംവിധാനമൊരുക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമാണ് ബഹ്റൈൻ. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യമേഖലയിലെ ഏറ്റവുംപുതിയ സാങ്കേതിക പ്രവണതകൾ ഉപയോഗപ്പെടുത്തുന്നതിനും നാഷനൽ ജീനോം സെന്റർ വികസിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് യന്ത്രം സ്ഥാപിച്ചത്. ആരോഗ്യമേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകൾ ഉപയോഗപ്പെടുത്തുന്നതിനും ദേശീയ ജീനോം സെന്റർ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ് അഭിപ്രായപ്പെട്ടു. പ്രതിവർഷം 20,000ത്തിലധികം ജീനോമുകളുടെ സീക്വൻസിങ് നടത്താൻ യന്ത്രത്തിന് കഴിയുമെന്ന് ഡോ. ഗ്രിഗറി യെസെർട്ട് ചടങ്ങിൽ പറഞ്ഞു.
2018ൽ ബഹ്റൈനിൽ ദേശീയ ജീനോം പ്രോജക്ട് ആരംഭിച്ചത്. ആരോഗ്യമേഖലയിലെ നവീനമായ സങ്കേതങ്ങളുംശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ഉപയോഗിച്ച് രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ജനിതക രോഗങ്ങൾ തടയുന്നതിനുമായുള്ള ഗവേഷണങ്ങൾ ലക്ഷ്യമിട്ട് നാഷനൽ ജീനോം സെന്റർ സ്ഥാപിച്ചിരുന്നു. ജീൻ സാമ്പിളുകൾ ശേഖരിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യുന്നതുവഴി രോഗകാരികളായ ജീനുകളെ വ്യവച്ഛേദിച്ച് മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരമാണ് ശാസ്ത്രസമൂഹത്തിന് കൈവന്നത്. ജനിതക രോഗസാധ്യതകൾ മുൻകൂട്ടി അറിയാനും അത് തടയാനും വൈദ്യസമൂഹത്തിന് നാഷനൽ ജീനോം സെന്ററിന്റെ സഹായത്തോടെ കഴിയും. ജനിതകരോഗങ്ങൾ തടയുന്നതിനും അവയുടെ ചികിത്സക്കുമുള്ള ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും.
മനുഷ്യശരീരവുമായി ബന്ധപ്പെട്ട മുഴുവൻ ജനിതക വിവരങ്ങളും ജീനുകളിലാണ് അടങ്ങിയിരിക്കുന്നത്. ജീനുകളുടെ വിശകലനം വഴി വ്യക്തിയുടെ ജനിതക ഘടനക്ക് അനുയോജ്യമായ രോഗനിർണയ രീതികളും മരുന്നുകളും വികസിപ്പിക്കാനും സാധിക്കും. ഓരോ വ്യക്തിയുടേയും ജനിതക സവിശേഷതയനുസരിച്ചുള്ള ‘വ്യക്തിഗത മരുന്ന്’ വികസിപ്പിച്ചെടുക്കുകയും സെന്ററിന്റെ ലക്ഷ്യമാണ്.ഈ മേഖലയിലെ ഗവേഷണങ്ങളെ സഹായിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ബയോ ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഡി.എൻ.എയും ജൈവ സാമ്പിളുകളും ശേഖരിച്ച് സൂക്ഷിക്കാനായി സജ്ജീകരിച്ചിട്ടുള്ളതാണ് ബയോ ബാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.