ഐ.ഐ.എസ്.എസ് മനാമ ഡയലോഗ്
മനാമ: മേഖലയിലെ പ്രമുഖ സുരക്ഷാ ഉച്ചകോടിയായ 22-ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗ് ഒക്ടോബർ 31 മുതൽ നവംബർ 1 വരെ മനാമ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടക്കും. ഇത്തവണ 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി രാജ്യങ്ങൾ ആദ്യമായാണ് ഉച്ചകോടിയുടെ ഭാഗമാകുന്നത്.
ഏകദേശം 600 മുതൽ 700 വരെ പ്രമുഖ പ്രതിനിധികളും അവരുടെ അനുബന്ധ ഉദ്യോഗസ്ഥരുമടക്കം മൂവായിരത്തിലധികം ആളുകൾ പരിപാടിയിൽ പങ്കാളികളാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നയതന്ത്ര ബന്ധമില്ലാത്തതിനാൽ ഇത്തവണ ഇറാനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ബഹ്റൈനുമായി ഔദ്യോഗിക നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളിലെ പ്രതിനിധികൾക്കാണ് ക്ഷണമെന്നും സംഘാടകർ വ്യക്തത വരുത്തി. ഉച്ചകോടിയുടെ ഭാഗമായി ഐ.ഐ.എസ്.എസിന്റെ ‘ദി ഗൾഫ് അറ്റ് വാർ’ എന്ന 80,000 വാക്കുകളുള്ള പ്രത്യേക ഗവേഷണ റിപ്പോർട്ടും പ്രകാശനം ചെയ്യും. യു.എസ്-ഇറാൻ സംഘർഷം ആരംഭിച്ച ഫെബ്രുവരി 28 മുതലുള്ള മേഖലയിലെ പ്രധാന സുരക്ഷാ സംഭവവികാസങ്ങളാണ് ഈ റിപ്പോർട്ടിൽ വിശകലനം ചെയ്യുന്നത്.
ആദ്യ ദിനം ‘ഇറാൻ യുദ്ധത്തിൽ നിന്നുള്ള രാഷ്ട്രീയ-സുരക്ഷാ പാഠങ്ങൾ’എന്ന വിഷയത്തിൽ പ്രത്യേക ചർച്ചയും തുടർന്ന് സ്വാഗത സ്വീകരണവും ഉദ്ഘാടന പ്രസംഗവും നടക്കും. രണ്ടാം ദിനത്തിൽ അമേരിക്കൻ-മധ്യപൂർവേഷ്യൻ സുരക്ഷാ സംയോജനം, പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ, സുരക്ഷാ അടിത്തറ, പ്രതിരോധ വീക്ഷണങ്ങൾ എന്നീ വിഷയങ്ങളിൽ നാല് പ്ലീനറി സെഷനുകൾ ഉണ്ടായിരിക്കും. സമാപന ദിനത്തിൽ സാമ്പത്തിക വികസനം, സമുദ്ര സുരക്ഷ, ആഗോള സുരക്ഷാ ഭരണസംവിധാനം എന്നിവ മുൻനിർത്തിയുള്ള മൂന്ന് ചർച്ചകളും സംഘടിപ്പിക്കും.
യുവ നയതന്ത്രജ്ഞരെയും ഭാവി നേതാക്കളെയും വാർത്തെടുക്കുന്ന ഐ.ഐ.എസ്.എസ് ‘യങ് ലീഡേഴ്സ് പ്രോഗ്രാമിന്റെ’ ഭാഗമായി വിവിധ മേഖലകളിൽ നിന്നുള്ള 27 യുവ പ്രതിനിധികളും ഇത്തവണ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള വട്ടമേശ ചർച്ചകളും പ്രത്യേക സന്ദർശനങ്ങളും ഇവർക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.