മനാമ: സോഷ്യൽ മീഡിയയിലെ അധാർമികവും കുറ്റകരവുമായ ഉള്ളടക്കങ്ങൾക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരണമെന്ന നിർദേശവുമായി എം.പിമാർ. ഭരണഘടന അവകാശങ്ങളെ മാനിക്കുന്നതിനോടൊപ്പം പൊതു ധാർമികത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗത്തിനെതിരെ 20 എം.പിമാരാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്, പക്ഷേ ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ ഇവയെ ദുരുപയോഗം ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് എം.പി അബ്ദുൽ വാഹിദ് ഖരാത പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വരുന്ന ഉള്ളടക്കങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ആശങ്ക വർധിച്ച സാഹചര്യത്തിലാണ് എം.പിമാർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കൂടാതെ ഇത്തരം മാർഗങ്ങളിലൂടെ മതത്തിന്റെ പേരിലുള്ള അക്രമം, തീവ്രവാദം, പ്രകോപനം എന്നിവ നിരസിക്കാനുള്ള ആഹ്വാനങ്ങളും എം.പിമാർ മുന്നോട്ടുവെച്ചു.
ധാർമികതയുടെ അതിർ വരമ്പുകൾ കടന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ നിയമ നിർമാണ നിർദേശങ്ങൾ പരിഗണിച്ചു വരുകയാണെന്നും മറ്റുള്ളവരെ അപമാനിക്കാനോ ധാർമിക നിയമങ്ങൾ ലംഘിക്കാനോ അഭിപ്രായ സ്വാതന്ത്ര്യം ലൈസൻസ് നൽകുന്നില്ലെന്നും ഖരാത പറഞ്ഞു. ഇസ്ലാമിക തത്ത്വങ്ങൾക്കും ബഹ്റൈന്റെ പാരമ്പര്യങ്ങൾക്കും വിരുദ്ധമായ പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും അദ്ദേഹം ശക്തമായി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.