മനാമ: 57 വർഷം പഴക്കമുള്ള സനാബിസ് പ്രൈമറി ഗേൾസ് സ്കൂൾ പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടം വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി ഏറ്റെടുക്കാൻ നടപടി തുടങ്ങിയതായി പാർലമെന്റ് സർവിസ് കമ്മിറ്റി ചെയർമാനും പ്രദേശത്തെ എം.പിയുമായ മമ്ദൂഹ് അൽ സാലിഹ് അറിയിച്ചു. വിദ്യാഭ്യാസ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികൾക്കും അധ്യാപക ജീവനക്കാർക്കും സ്ഥിരത ഉറപ്പാക്കുന്നതിനും മന്ത്രാലയത്തിനുള്ള പ്രതിബദ്ധതയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് മന്ത്രാലയത്തിൽനിന്ന് തനിക്ക് കത്ത് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ കൈക്കൊണ്ട നടപടികളെയും പരിഗണനയെയും എം.പി അഭിനന്ദിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും സുരക്ഷിതവും സുസ്ഥിരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള മന്ത്രിയുടെ പ്രതിബദ്ധതയുടെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ നേട്ടം. പാർലമെന്റിന്റെ സേവനസമിതി വിദ്യാഭ്യാസ പദ്ധതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠന പ്രക്രിയ മെച്ചപ്പെടുത്തുന്ന എല്ലാ സംരംഭങ്ങളെയും പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്നും എം.പി ഊന്നിപ്പറഞ്ഞു. നിയമനിർമാണ-കാര്യനിർവഹണ വിഭാഗങ്ങൾ തമ്മിലുള്ള ഫലപ്രദമായ സഹകരണമാണ് ഇത് എടുത്തുകാട്ടുന്നത്.
ഈ ഏറ്റെടുക്കൽ സ്കൂളിനെ ബഹ്റൈന്റെ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതിക്ക് അനുസൃതമായി ഒരു മാതൃകാവിദ്യാഭ്യാസ സ്ഥാപനമായി വികസിപ്പിക്കണമെന്ന തന്റെ മണ്ഡലത്തിലെ താമസക്കാരുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും ദീർഘകാലമായുള്ള ആവശ്യത്തിന് മറുപടിയാകുമെന്നും അൽ സാലിഹ് ചൂണ്ടിക്കാട്ടി. പഴയ കെട്ടിടം ഒരു ദശാബ്ദം മുമ്പ് തൊഴിൽ മന്ത്രാലയം വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് കെട്ടിടം പുതുക്കിപ്പണിതെങ്കിലും കാലപ്പഴക്കം ഒരു പ്രശ്നമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.