മനാമ: വേനൽ കടുത്തതോടെ ആരംഭിച്ച രണ്ട് മാസത്തെ ഉച്ചസമയത്തെ തൊഴിൽസമയനിയന്ത്രണം വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ. തൊഴിലാളികളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിയന്ത്രണം സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്പനികൾ ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊഴിൽ വകുപ്പ് സംവിധാനമേർപ്പെടുത്തിയിരുന്നു. നിരോധനം പാലിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് നിരവധി വർക്ക് സൈറ്റുകളിൽ സന്ദർശനം നടത്തിയതിനുശേഷം തൊഴിൽ മന്ത്രി പറഞ്ഞു. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് പുറം ജോലി നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. രണ്ടു മാസക്കാലയളവിൽ ഉച്ചക്കും വൈകുന്നേരം നാലുമണിക്കും ഇടയിൽ പുറം ജോലികളിൽനിന്നും കൺസ്ട്രക്ഷൻ അടക്കമുള്ള പണികളിലേർപ്പെടുന്ന തൊഴിലാളികളെയാണ് നിയന്ത്രിച്ചിരുന്നത്.
നിരോധനം നടപ്പാക്കിയിരിക്കുന്നത് നേരിട്ട് കാണുന്നതിനായി മന്ത്രിയും തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും നിരവധി സൈറ്റുകൾ സന്ദർശിച്ചിരുന്നു. തൊഴിലാളികളുമായും സൂപ്പർവൈസർമാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.രണ്ടുമാസക്കാലയളവിൽ ചൂടുമൂലം തൊഴിലാളികൾക്കുണ്ടാകാൻ സാധ്യതയുള്ള അസുഖങ്ങൾ, സൂര്യാഘാതം, മറ്റ് അസുഖങ്ങൾ എന്നിവ ഒഴിവാക്കുക, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്നീ കാര്യങ്ങൾ മന്ത്രാലയത്തിന്റെ പ്രധാന മുൻഗണനയാണെന്ന് മന്ത്രി പറഞ്ഞു.
പ്രഥമശുശ്രൂഷ സംബന്ധിച്ച കാര്യങ്ങളിൽ തൊഴിലാളികൾക്ക് അവബോധം ഉണ്ടാക്കാൻ പദ്ധതിയുണ്ട്. 2013ലാണ് ഉച്ചവിശ്രമനിയമം നടപ്പാക്കിയത്. കഴിഞ്ഞ വർഷം 99.87 ശതമാനം പാലിക്കാൻ സാധിച്ചിരുന്നു. നിയന്ത്രണം ലംഘിച്ച പരാതികളിൽ 52 പേർക്കെതിരെ നടപടിയെടുത്തിരുന്നു. 27 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.
2021-ൽ 33പേർക്കെതിരെയാണ് നടപടിയെടുത്തത്. 22 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ വർഷം മൊത്തം 19,841 പരിശോധനകൾ നടന്നു. ഈ വർഷം തൊഴിലാളികളുടെ താൽപര്യങ്ങളും സുരക്ഷിതത്വവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് അധികാരികൾ പറഞ്ഞു. നിയമലംഘകർക്ക് മൂന്നു മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ 500 ദീനാറിനും 1000 ദീനാറിനും ഇടയിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.