മനാമ: നിയമലംഘനം നടത്തിയതിന് 83 പ്രവാസികളെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). ആഴ്ചതോറും നടത്തി വരാറുള്ള പരിശോധനകളിൽ പിടിക്കപ്പെട്ടവരെയാണ് നാടുകടത്തിയത്. ആഗസ്റ്റ് 17 മുതൽ 23 വരെ എൽ.എം.ആർ.എ ബഹ്റൈനിലുടനീളം നടത്തിയ 1728 പരിശോധനകളിൽ 24 അനധികൃത തൊഴിലാളികളെ കണ്ടെത്തി. എൽ.എം.ആർ.എ നിയമം, ബഹ്റൈൻ റെസിഡൻസി നിയമം എന്നിവയുമായി ബന്ധപ്പെട്ട ലേബർ, റെസിഡൻസി നിയമ ലംഘനങ്ങളും പരിശോധനകളിൽ കണ്ടെത്തി. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മൊത്തം പരിശോധനകളിൽ 1715 എണ്ണം വിവിധ വാണിജ്യ സ്ഥാപനങ്ങളിലാണ് നടന്നത്. ഇതിനുപുറമെ, 13 സംയുക്ത പരിശോധനകളും നടന്നു. മുഹറഖിൽ അഞ്ചും നോർത്തേൺ ഗവർണറേറ്റിൽ നാലും സതേൺ ഗവർണറേറ്റിൽ നാലും സംയുക്ത പരിശോധനകളാണ് നടന്നത്.
ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്, സാമൂഹിക ഇൻഷുറൻസ് ഓർഗനൈസേഷൻ, ആരോഗ്യ മന്ത്രാലയം, വ്യവസായ-വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധനകൾ. തൊഴിൽ വിപണി, സാമ്പത്തിക സ്ഥിരത, സാമൂഹിക സുരക്ഷ എന്നിവയെ ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനായി സർക്കാർ ഏജൻസികളുമായി ചേർന്ന് പരിശോധന കാമ്പയിനുകൾ ശക്തമാക്കുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി.
അനധികൃത തൊഴിൽ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ എൽ.എം.ആർ.എയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.lmra.gov.bh), ദേശീയ പരാതി-നിർദേശ സംവിധാനമായ ‘തവാസുൽ’, അല്ലെങ്കിൽ എൽ.എം.ആർ.എ കോൺടാക്റ്റ് സെന്റർ (17506055) എന്നിവ വഴി അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.