എം.എഫ്. റഹ്മാൻ, "പറയാതെ വയ്യ " പുസ്തകം
മനാമ: ചുറ്റുമുള്ള ലോകത്ത് അനീതികൾ കാണുമ്പോൾ കണ്ണടയ്ക്കാനാകാത്ത, പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു മനുഷ്യസ്നേഹിയുടെ ഹൃദയവിചാരങ്ങളാണ് എം.എഫ്. റഹ്മാൻ എന്ന ബഹ്റൈൻ പ്രവാസിയുടെ എഴുത്തുകൾ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി താൻ ജീവിക്കുന്ന സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും, വായിച്ചറിഞ്ഞും രൂപപ്പെടുത്തിയെടുത്ത നിലപാടുകളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘പറയാതെ വയ്യ’. ബഹ്റൈനിലെ വിവിധ പത്രമാധ്യമങ്ങളിൽ കാലാകാലങ്ങളായി അദ്ദേഹം പ്രസിദ്ധീകരിച്ച കുറിപ്പുകളും നിർദ്ദേശങ്ങളും പ്രതികരണങ്ങളുമാണ് ഇപ്പോൾ പുസ്തകരൂപത്തിൽ വായനക്കാരിലേക്ക് എത്തിയിരിക്കുന്നത്. വോൾഗ ബുക്സ് ആണ് പ്രസാധകർ.
പൊന്നാനി സ്വദേശിയായ മുച്ചിക്കൽ ഫസലുറഹ്മാൻ എന്ന എം.എഫ്. റഹ്മാൻ കഴിഞ്ഞ 12 വർഷമായി ബഹ്റൈനിലെ പ്രവാസലോകത്തുണ്ട്. പൊന്നാനി യു.കെ. മുഹമ്മദിന്റെയും മുച്ചിക്കൽ ബീഫാത്തുമ്മയുടെയും മകനായ അദ്ദേഹം പ്രവാസിയാകുന്നതിന് മുൻപ് നാട്ടിൽ കെ.എസ്.ഇ.ബി.യിലും, തുടർന്ന് ഏഴു വർഷത്തോളം യു.എ.ഇ. ഇലക്ട്രിസിറ്റിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുശേഷമാണ് ബഹ്റൈനിലേക്ക് തന്റെ പ്രവാസജീവിതം മാറ്റുന്നത്.
നാട്ടിലായാലും മറുനാട്ടിലായാലും കല, കായികം, സാഹിത്യം, പരിസ്ഥിതി, ജീവകാരുണ്യം തുടങ്ങി ജനകീയമായ എല്ലാ മേഖലകളിലും റഹ്മാൻ തന്റെ സജീവ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ബഹുമുഖ പ്രതിഭ തന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രതിഫലിക്കുന്നത്.
കഴിഞ്ഞ മാസം പൊന്നാനിയിൽ വെച്ച് നടന്ന ചടങ്ങിലാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കപ്പെട്ടത്. പൊന്നാനി നഗരസഭ വൈസ് ചെയർമാൻ സി.പി. സക്കീറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് പ്രമുഖ എഴുത്തുകാരൻ പി. സുരേന്ദ്രൻ, ഇബ്രാഹിം പൊന്നാനിക്ക് ആദ്യപ്രതി നൽകിയാണ് 'പറയാതെ വയ്യ' പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ബഹ്റൈൻ തലത്തിലുള്ള പ്രകാശനം ഈ മാസം നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഫാത്തിമത്തുൽ ഷഹീലയാണ് റഹ്മാന്റെ ജീവിതപങ്കാളി. വിദ്യാർത്ഥികളായ ഫർഹാൻ, ഫാത്തിയ ഫാത്തിമ എന്നിവർ മക്കളാണ്. എം.എഫ്. റഹ്മാന്റെ പുസ്തകം സമകാലിക സമൂഹത്തിന് ഒരു നല്ല വായനാനുഭവം സമ്മാനിക്കുമെന്നതിൽ തർക്കമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.