മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങളിൽ ഓണത്തിന്റെ നിറപ്പൊലിമ നിറയ്ക്കാൻ, ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ചിരിക്കുന്ന ‘ശ്രാവണം 2025’ ഓണാഘോഷങ്ങൾക്ക് സംഗീതത്തിന്റെ മാധുര്യം പകരാൻ പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും യുവഗായകരും എത്തുന്നു.
നിഷാദ്, അനാമിക
ഇന്നും നാളെയുമാണ് സംഗീത പരിപാടി. പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ ‘ഐഡിയ സ്റ്റാർ സിങ്ങർ സീസൺ 9’ ലൂടെ സംഗീത ലോകത്ത് തങ്ങളുടേതായൊരിടം കണ്ടെത്തിയ അനുശ്രീ, നന്ദ, ബൽറാം, ശ്രീരാഗ് എന്നിവർ നയിക്കുന്ന സംഗീതനിശ ഇന്ന് രാത്രി 7.30 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. കെ.എസ് ചിത്ര, മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവർ പങ്കെടുക്കുന്ന ഗാനമേള സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകുന്നേരം 7.00നാണ്.
ഓണപ്പൊലിമയിൽ അലിഞ്ഞുചേരുന്ന പ്രവാസികളുടെ കാതുകൾക്ക് കുളിർമയേകാൻ സംഗീതരംഗത്തെ പ്രതിഭകൾ അണിനിരക്കുമ്പോൾ, മെലഡിയുടെ ഇന്ദ്രജാലവും ക്ലാസിക്കൽ ഗാനങ്ങളുടെ സൗന്ദര്യവും താളാത്മക ഗാനങ്ങളുടെ ഉണർവും ഒത്തുചേരുന്ന ഒരു സംഗീതവിരുന്നാണ് ബഹ്റൈൻ കേരളീയ സമാജം ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തിന്റെ വർണപ്പൊലിമയിൽ, സംഗീതത്തിന്റെ മാന്ത്രികത കൂടിചേരുമ്പോൾ, പ്രവാസലോകത്തെ സംഗീതാസ്വാദകർക്ക് അതൊരു അവിസ്മരണീയ നിമിഷമായിരിക്കുമെന്നും എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നും സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗീസ് ജോർജ് (ജനറൽ കൺവീനർ, ശ്രാവണം) 39291940.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.