'കോഴിക്കോട് ഫെസ്റ്റ് 25-26' വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് ഉണർവേകി ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കോഴിക്കോട് ഫെസ്റ്റ് 25-26'ന് വെള്ളിയാഴ്ച തുടക്കമാകും.
കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ നാല് മാസത്തോളം നീളുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ആഘോഷപരിപാടികൾ 2026 മാർച്ച് 27ന് സമാപനസമ്മേളനത്തോടെയാണ് പര്യവസാനിക്കുക. ബഹ്റൈനിലെ മുഴുവൻ പ്രവാസികൾക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുട്ടികൾ, വനിതകൾ, മുതിർന്നവർ എന്നിവർക്കായി വൈവിധ്യമാർന്ന മത്സരങ്ങളും പരിപാടികളുമാണ് ഫെസ്റ്റിന്റെ മാറ്റുകൂട്ടുക. കുട്ടികൾക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ, മുതിർന്നവർക്കായി പാചക മത്സരം, വോളിബാൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, ആവേശകരമായ വടംവലി മത്സരം എന്നിവയും നടക്കും. കൂടാതെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, വനിതാ സംഗമം, ലീഡർഷിപ്പ് ക്യാമ്പ്, കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും. പ്രതിനിധി സമ്മേളനം, വിപുലമായ പൊതു സമ്മേളനം, കലാപരിപാടികൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ബഹ്റൈൻ പ്രവാസിസമൂഹം ഈ ഉദ്യമത്തോട് സഹകരിക്കണമെന്നും മത്സരങ്ങളിലും പൊതുപരിപാടികളിലും സജീവമായി പങ്കാളികളാകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
വാർത്തസമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ഗഫൂർ ഉണ്ണികുളം, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ഷമീം കെ.സി, ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ സെക്രട്ടറി രഞ്ജൻ കച്ചേരി, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, വൈസ് പ്രസിഡന്റ് ഫൈസൽ പാട്ടാണ്ടി, സെക്രട്ടറി വാജിദ് എം, ഫെസ്റ്റ് ജനറൽ കൺവീനർ പ്രവിൽ ദാസ് പി.വി. തോട്ടത്തിൽ പൊയിൽ, എക്സിക്യൂട്ടീവ് മെമ്പർ ഷൈജാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.