കെ.എം.സി.സി നേതാക്കൾ തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറിയെ കാണാനെത്തിയപ്പോൾ
മനാമ: തിരുവള്ളൂർ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ തുടരുന്ന ക്രമക്കേടുകളും പ്രവാസികളുടെ അപേക്ഷകളെ പരിഗണിക്കാതിരിക്കുന്നതും ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്നതിനായി അടിയന്തര പ്രാധാന്യത്തോടുകൂടി ഇടപെടണമെന്ന് ബഹ്റൈൻ കെ.എം.സി.സി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ കണ്ട് അറിയിച്ചു.
പ്രവാസി വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനായി നേരത്തേ സമർപ്പിച്ച നിരവധി അപേക്ഷകൾ അന്തിമ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായി നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തി. നാട്ടിൽ സ്ഥിരമായി താമസിക്കാത്തവർക്ക് ജനാധിപത്യ അവകാശമായ വോട്ടവകാശം ഉറപ്പാക്കുന്നതിന് കേന്ദ്രവും സംസ്ഥാനവും സർക്കാർ പദ്ധതികൾ നടപ്പിലാക്കിയിട്ടും, പഞ്ചായത്തുതലത്തിൽ വേണ്ട ശ്രദ്ധ കിട്ടാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രവാസ ലോകത്തുനിന്ന് പൂരിപ്പിച്ച അപേക്ഷകൾ ഇമെയിൽ വഴി അയക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും സങ്കീർണമായ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പക്ഷേ, നിലവിലെ ചട്ട പ്രകാരം പ്രവാസലോകത്തുനിന്ന് രജിസ്റ്റേർഡ് പോസ്റ്റൽ വഴി അപേക്ഷ പഞ്ചായത്തിൽ എത്തണമെന്ന് സെക്രട്ടറിയും അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു. അതിനാൽ പുതിയ ഉത്തരവ് ലഭിക്കുന്നതുവരെ തൽസ്ഥിതി തുടർന്ന് കൊണ്ട് എല്ലാവരും പൂരിപ്പിച്ച അപേക്ഷകളും മറ്റു രേഖകളും സ്വന്തം ഒപ്പിട്ട് അയക്കണമെന്നും എല്ലാ പ്രവാസികളുടെ പേരും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് തോടന്നൂർ, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഖാസിം കോട്ടപ്പള്ളി എന്നിവർ പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിൽ പങ്കെടുത്തു.
അപേക്ഷകൾക്കായുള്ള രേഖ പരിശോധനകൾ വേഗത്തിലാക്കണമെന്നും അവർ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ചര്‍ച്ചയിൽ പഞ്ചായത്ത് സെക്രട്ടറി വീഴ്ചകൾ തിരുത്താനും അപേക്ഷകൾക്കായുള്ള പരിശോധന നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും വാഗ്ദാനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു. പ്രവാസികൾക്ക് ജനാധിപത്യ അവകാശം നൽകുന്നതിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. ആവശ്യമെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെയും സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. കൂടാതെ, പ്രവാസികൾക്ക് അപേക്ഷാ നടപടികളും ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയയും സംബന്ധിച്ച സമ്പൂർണ മാർഗനിർദേശങ്ങൾ നൽകുന്നതിനായി ആവശ്യമായ കാര്യങ്ങൾ പഞ്ചായത്ത് തലങ്ങളിൽ ചെയ്യുമെന്നും ബഹ്റൈൻ കെ.എം.സി.സി നേതാക്കൾ അറിയിച്ചു. കേരളത്തിൽനിന്ന് പ്രവാസജീവിതം നയിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടുചെയ്യാനുള്ള അവകാശം ഉറപ്പാക്കുന്നതിന് സർക്കാറിന്റെ സഹകരണവും ജനപ്രതിനിധികളുടെ ഇടപെടലും ആവശ്യമാണെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.