kmcc കെ.എം.സി.സി ബഹ്റൈൻ കർമ്മശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപനം സാദിഖലി തങ്ങൾ നിർവ്വഹിക്കുന്നു

കെ.എം.സി.സി ബഹ്റൈൻ കർമ്മശ്രേഷ്ഠ പുരസ്കാരം നൊച്ചാട്ട് കുഞ്ഞബ്ദുല്ലക്ക്; പ്രഖ്യാപനം സാദിഖലി തങ്ങൾ നിർവ്വഹിച്ചു

മനാമ: കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ശഹീദ് നസ്രുദ്ദീൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്കാരത്തിന് പ്രമുഖ മത-രാഷ്ട്രീയ, സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല സാഹിബിനെ തിരഞ്ഞെടുത്തു. പുരസ്കാര പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

ചടങ്ങിൽ കാസിം കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, സെക്രട്ടറി പി.പി. റഷീദ്, പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് സാലിഹ്, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, സംസ്ഥാന സെക്രട്ടറി എസ്.കെ. നാസർ, മുസ്ലിം ലീഗ് നേതാക്കളായ മുഹമ്മദ് പുറമേരി, അരയാക്കി റഷീദ്, വി.കെ.സി. ബഷീർ, കെ.എം.സി.സി നേതാക്കളായ സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ, ഉസ്മാൻ ടിപ്ടോപ്, റഫീഖ് എളയടം, മുഹമ്മദ് അരൂർ, സൂപ്പി ജീലാനി, എം.എസ്.എഫ് പുറമേരി പഞ്ചായത്ത് പ്രസിഡന്റ് സിനാൻ വി.പി. തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജമാൽ കല്ലുംപുറം സ്വാഗതവും കുഞ്ഞമ്മദ് ചാലിൽ നന്ദിയും പറഞ്ഞു.

മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ ജനകീയ ഇടപെടലുകളിലൂടെയും നാടിന്റെ സമഗ്ര വികസനത്തിന് നൽകിയ സംഭാവനകളിലൂടെയും പൊതുരംഗത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിത്വമാണ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പ്രദേശത്ത് വലിയ രീതിയിലുള്ള വികസന മുന്നേറ്റം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മികച്ച ഭരണാധികാരിയെന്ന നിലയിലാണ് അദ്ദേഹം ജനങ്ങൾക്കിടയിൽ സ്വീകാര്യനായത്. നിലവിൽ കുറ്റ്യാടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹം മലബാറിലെ പ്രമുഖ ദീനി സ്ഥാപനങ്ങളായ കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, ആയഞ്ചേരി ശംസുൽ ഉലമ അക്കാദമി എന്നിവയുടെ സജീവ സാന്നിധ്യമായി ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരികയാണ്.

50,001 രൂപയും പ്രശസ്തിപത്രവും സ്മാരക ഉപഹാരവുമടങ്ങുന്നതാണ് പുരസ്കാരം. വരുന്ന ഡിസംബർ 12-ന് ആയഞ്ചേരിയിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ പൊതുസമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.


Tags:    
News Summary - KMCC Bahrain Karmasreshtha Award to Nochat Kunjabdullah; Announcement made by Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.