ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ബഹ്‌റൈനും-ഫ്രാൻസും; സുപ്രധാന ചർച്ചകളും സിവിലിയൻ ആണവോർജ്ജ കരാറും ഒപ്പുവെച്ചു

മനാമ: സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള സിവിലിയൻ ആണവോർജ്ജ സഹകരണ കരാറിൽ ഒപ്പുവെച്ച് ബഹ്റൈനും ഫ്രാൻസും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ഔദ്യോഗിക ബഹ്റൈൻ സന്ദർശന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷാങ് നോയൽ ബാരോട്ടും ഔദ്യോഗികമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

സിവിലിയൻ ആണവ പദ്ധതിക്കാവശ്യമായ വൈദഗ്ധ്യവും ശേഷിയും പ്രത്യേക പരിശീലനങ്ങളിലൂടെ വികസിപ്പിച്ചെടുക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിക്ഷേപം, സാമ്പത്തികം, രാഷ്ട്രീയം, പ്രതിരോധം, സുസ്ഥിര വികസനം, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം കൂടുതൽ ശക്തമാക്കാനും ചർച്ചയിൽ തീരുമാനമായി.

ബഹ്‌റൈനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ മികച്ച സംഭാവനകൾ മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ബഹ്‌റൈന്റെ പരമോന്നത രാജകീയ ബഹുമതിയായ ‘കോളർ ഓഫ് ദി ഓർഡർ ഓഫ് ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ - എക്‌സെപ്ഷണൽ ക്ലാസ്’ ബഹ്‌റൈൻ രാജാവ് സമ്മാനിച്ചു.

ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയിലും, അലുമിനിയം ബഹ്‌റൈൻ (അൽബ) ഉൾപ്പെടെയുള്ള വ്യവസായ മേഖലകളിലും വലിയ സംയുക്ത പദ്ധതികൾ നടപ്പിലാക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്.

സമുദ്രപാതകളുടെ സുരക്ഷ സംരക്ഷിക്കുന്നതിലും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിലും ഫ്രാൻസ് നൽകുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ, ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അംഗമെന്ന നിലയിൽ ഫലസ്തീൻ വിഷയത്തിലും ദ്വിരാഷ്ട്ര പരിഹാരത്തിലും ഫ്രാൻസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബഹ്‌റൈൻ ഉറപ്പുനൽകി. ബഹ്റൈന്റെ സുരക്ഷയ്ക്കും വികസനത്തിനും ഫ്രാൻസിന്റെ മുഴുവൻ പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റും വ്യക്തമാക്കിക്കൊണ്ട് ചർച്ചകൾ പൂർത്തിയാക്കി.

Tags:    
News Summary - Bahrain and France to strengthen bilateral ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.