മേഖലയിലെ സംഘർഷത്തിന് പിന്നാലെ പ്രവാസികളിലെ ശമ്പള കുടിശ്ശിക പ്രധാന പ്രതിസന്ധി
മനാമ: ഫെബ്രുവരിയിൽ ആരംഭിച്ച മേഖലയിലെ സംഘർഷത്തിന് ശേഷം ബഹ്‌റൈനിലെ പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ശമ്പള കുടിശ്ശിക മാറിയതായി മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്). കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ ഈ വർഷത്തെ രണ്ടാം പാദത്തിലെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. തൊഴിലാളികളും കുടുംബങ്ങളും നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ടവയാണ് എം.ഡബ്ല്യു.പി.എസിന് ലഭിച്ച പരാതികളിൽ 80 ശതമാനവും ഉള്ളത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതുമുതൽ സംഘടനയുടെ പ്രവർത്തകർ രംഗത്തുണ്ടെന്നും സഹായം തേടിയെത്തിയ എല്ലാവർക്കും പിന്തുണ നൽകിയിട്ടുണ്ടെന്നും എം.ഡബ്ല്യു.പി.എസ് ചെയർപേഴ്സൺ മോന അൽമുഐയദ് വ്യക്തമാക്കി.
വാടകയും ജീവതച്ചെലവുകളും കണ്ടെത്താൻ പ്രയാസപ്പെട്ട തൊഴിലാളികൾ, ഇമിഗ്രേഷൻ പിഴകൾ ഒഴിവാക്കൽ, നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാക്കൂലി, തൊഴിൽ മാറ്റത്തിനോ വിസ റദ്ദാക്കലിനോ തയ്യാറാകാത്ത തൊഴിലുടമകൾക്കെതിരെയുള്ള നിയമസഹായം തുടങ്ങിയ ആവശ്യങ്ങളുമായാണ് സഹായം തേടിയെത്തിയവരിൽ പലരും. സംഘർഷത്തെ തുടർന്ന് ഏകദേശം രണ്ട് മാസത്തോളം ലേബർ പരിശോധനകൾ താൽക്കാലികമായി നിർത്തിവെച്ചത് പ്രതിസന്ധി വർദ്ധിപ്പിച്ചു. ഇത്തരം വെല്ലുവിളികൾക്കിടയിലും ഈ പാദത്തിൽ ലഭിച്ച 42 കേസുകളിൽ 36 എണ്ണവും പരിഹരിക്കാൻ സംഘടനയ്ക്ക് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.