മാതാപിതാക്കള്‍ക്ക് മികച്ച പരിഗണന നല്‍കണം –നൗഷാദ് ബാഖവി

മനാമ: പ്രവാസികളായ മക്കള്‍ മാതാപിതാക്കള്‍ക്ക് നല്‍കേണ്ടത് പണം മാത്രമല്ളെന്നും മികച്ച പരിഗണനയും സ്നേഹവും അവര്‍ ഉറപ്പുവരുത്തണമെന്നും പ്രമുഖ വാഗ്മി നാഷാദ് ബാഖവി പറഞ്ഞു. മനാമ അല്‍രാജ സ്കൂളില്‍ നടന്ന മത പ്രഭാഷണ പരമ്പരയുടെ ആദ്യ ദിവസം ‘മുഹമ്മദ് നബി-കുടുംബ നീതിയുടെ പ്രകാശം’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തോട് എങ്ങിനെ പെരുമാറണമെന്ന കാര്യവും അതിന്‍െറ നേട്ടങ്ങളും പ്രവാചകന്‍ വിശദീകരിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് വര്‍ഷങ്ങളായി കുടുംബസമേതം ജീവിക്കുന്നവര്‍ മാതാപിതാക്കളെ കാണാന്‍ സമയമില്ളെന്നും അവര്‍ക്കാവശ്യമുള്ള പണം പ്രതിമാസം അയച്ചു കൊടുക്കുന്നുണ്ടെന്നും പറയാറുണ്ട്. അത് കാപട്യമാണ്.
മാതാപിതാക്കള്‍ക്ക് പണം മാത്രമല്ല വേണ്ടത്. അവരെ സന്ദര്‍ശിക്കാനും വേണ്ട പരിഗണന നല്‍കാനും മക്കള്‍ തയ്യാറാകണം. ഇതുവഴി ഇരുലോകത്തും നേട്ടം മാത്രമേ ഉണ്ടാകൂവെന്നും ബാഖവി പറഞ്ഞു.
മാതാപിതാക്കളെ വാക്കുകൊണ്ട് പോലും ഉപദ്രവിക്കരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.
വാര്‍ധക്യ സമയത്ത് ധാരാളം സഹായങ്ങള്‍ ചെയ്തിട്ടും മാതാപിതാക്കള്‍ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയുമായി എത്തിയ സ്വഹാബിയോട് നബി പറഞ്ഞത് സ്വന്തം ശരീരം പകുത്തു നല്‍കിയാലും അവരോടുള്ള ബാധ്യത അവസാനിക്കില്ല എന്നാണ്.
വാര്‍ധക്യത്തിലാണ് നാം മാതാപിതാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടത്. ആ സമയത്ത് കൂടുതല്‍ ക്ഷമ കാണിക്കണം.
മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന, അവരുടെ ആഗ്രഹങ്ങള്‍ നടപ്പാക്കല്‍, സുഹൃത്തുക്കളെ മാനിക്കല്‍, കുടുംബങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തല്‍ തുടങ്ങിയ നാലുകാര്യങ്ങള്‍ ഓരോരുത്തരുടെയും ബാധ്യതയാണെന്നും ബാഖവി വിശദീകരിച്ചു.
ഒരു മാസമായി സമസ്ത ബഹ്റൈന്‍ ആചരിച്ചു വരുന്ന മീലാദ് കാമ്പയിനിന്‍െറ സമാപനത്തോടനുബന്ധിച്ചാണ് രണ്ടുദിവസത്തെ മത പ്രഭാഷണം സംഘടിപ്പിച്ചത്.
ഇതോടനുബന്ധിച്ച് മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്റസ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാ-സാഹിത്യ പരിപാടികളും നടന്നു. അര്‍ധ രാത്രിവരെ നീണ്ട പരിപാടി സമൂഹ പ്രാര്‍ഥനയോടെയാണ് സമാപിച്ചത്.
ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയ നേതാക്കളും സ്വദേശി പ്രമുഖരായ ഇബ്രാഹിം മുന്‍ജീദ് എം.പി, അഹമ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത എം.പി, ഡോ.അലി ഈസ ബൂഫര്‍സല്‍ എം.പി എന്നിവരും കെ.എം.സി.സി ബഹ്റൈന്‍ അടക്കമുള്ള വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Tags:    
News Summary - kabeer baqavi speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.