മനാമ: സ്തനാർബുദ ശസ്ത്രക്രിയകളുടെ കൃത്യതയും കാര്യക്ഷമതയും പരമാവധി വർധിപ്പിക്കുന്നതിനായി ഹോലോജികിന്റെ അത്യാധുനിക ‘ജെൻ 3’ സിസ്റ്റം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച് ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവീസസ് (ആർ.എം.എസ്). സ്തനാർബുദ ശസ്ത്രക്രിയാ രംഗത്ത് പുതിയൊരു നാഴികക്കല്ലാണിത്. ശസ്ത്രക്രിയക്ക് മുമ്പും സമയത്തും സ്തനങ്ങളിലെ മുഴകളും മറ്റ് തടസ്സങ്ങളും വളരെ കൃത്യതയോടെ കണ്ടെത്താൻ ഇതിലെ ‘മാഗ്സീഡ്’ സാങ്കേതികവിദ്യ സഹായിക്കും. കൂടാതെ, പ്രധാന ലിംഫ് നോഡുകൾ തിരിച്ചറിയാൻ ‘മാഗ്ഡ്രേസ്’ സാങ്കേതികവിദ്യയും ഇതിലൂടെ ലഭ്യമാകും. ശബ്ദ സന്ദേശങ്ങളിലൂടെയും കൃത്യമായ ഡിജിറ്റൽ റീഡിംഗുകളിലൂടെയും ശസ്ത്രക്രിയാ വിദഗ്ധർക്ക് തത്സമയ മാർഗ്ഗനിർദ്ദേശം നൽകാനും ഈ സംവിധാനത്തിന് സാധിക്കും.
ആഗോളതലത്തിലുള്ള ആധുനിക വൈദ്യശാസ്ത്ര മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനും, മികച്ച രോഗീ പരിചരണത്തിനായി മെഡിക്കൽ സംഘങ്ങൾക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കാനുമുള്ള റോയൽ മെഡിക്കൽ സർവീസസിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയുടെ തുടക്കമെന്ന് ആർ.എം.എസ് കമാൻഡർ മേജർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ വ്യക്തമാക്കി. ക്ലിനിക്കൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളിലെ നിക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗത രീതികളായ വയറുകളും റേഡിയോ ആക്ടീവ് വസ്തുക്കളും ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ ജെൻ 3 സിസ്റ്റം സഹായിക്കുമെന്ന് ബഹ്‌റൈൻ ഒങ്കോളജി സെന്റർ സി.ഇ.ഒ ഡോ. എഡ്വേർഡ് റൗലണ്ട് പറഞ്ഞു. സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ശസ്ത്രക്രിയാ ടീമുകൾക്ക് കൂടുതൽ കൃത്യതയും നിയന്ത്രണവും നൽകാനും, രോഗികളുടെ ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനും ഈ സംവിധാനം സഹായകരമാകുമെന്ന് ആർ.എം.എസ് വിമൻസ് ഹെൽത്ത് കെയർ സെന്റർ മേധാവിയും ബഹ്‌റൈൻ ഒങ്കോളജി സെന്റർ കൺസൾട്ടന്റുമായ ഡോ. നൗഫ് അൽ ശൈബാനി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.