ശൂറ കൗൺസിൽ അംഗം ആദിൽ അൽ അസൂമി
മനാമ: ഗൾഫ് രാജ്യങ്ങൾക്ക് ഒറ്റ ശക്തിയായി പോരാടാനും വിദേശ സഹായമില്ലാതെ തന്നെ സ്വയം പ്രതിരോധിക്കാനും സാധിക്കുമെന്ന് ബഹ്‌റൈൻ ശൂറ കൗൺസിൽ അംഗം ആദിൽ അൽ അസൂമി വ്യക്തമാക്കി. മേഖലയെ പരീക്ഷിക്കാൻ നോക്കുന്ന ഏത് ശക്തിക്കും കടുത്ത മുന്നറിയിപ്പാണ് ബഹ്‌റൈൻ ഷീൽഡ് സൈനിക അഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നടന്ന ഈ യുദ്ധാഭ്യാസം, ഏത് ആക്രമണത്തെയും നേരിടാനുള്ള ഇച്ഛാശക്തിയും ശേഷിയും ബഹ്‌റൈനും അയൽരാജ്യങ്ങളുംക്കുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതര ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സൈന്യത്തോടൊപ്പം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫയുടെ സാന്നിധ്യം ഈ അഭ്യാസത്തിന് കൂടുതൽ തിളക്കം നൽകി.
സ്വയം പരിരക്ഷിക്കാനുള്ള ഇച്ഛാശക്തിയും കഴിവും ബഹ്‌റൈനും ഗൾഫ് രാജ്യങ്ങൾക്കുമുണ്ട് എന്ന് ആദിൽ അൽ അസൂമി വ്യക്തമാക്കി. അടിസ്ഥാന ഏകോപനത്തിനപ്പുറം ഗൾഫ് സൈനിക ബന്ധം വളർന്നതായി അദ്ദേഹം പറഞ്ഞു. ആറ് രാജ്യങ്ങളും ഇപ്പോൾ ഒരൊറ്റ യുദ്ധ തത്വത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ മേഖലയിലുടനീളം സൈന്യത്തെ നയിക്കാൻ ഒരു സംയുക്ത കമാൻഡും സജ്ജമാണ്. ജി.സി.സി ചാർട്ടറിലെ നാലാം അനുച്ഛേദപ്രകാരം അംഗരാജ്യങ്ങളിൽ ഒന്നിനുനേരെയുള്ള ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായാണ് കണക്കാക്കുന്നത്. ബഹ്‌റൈൻ ഷീൽഡ് ഈ കൂട്ടായ സുരക്ഷാ തത്വത്തിന്റെ പ്രായോഗിക തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതൊരു ആക്രമണകാരിയും ഒറ്റക്കെട്ടായ ഒരു ഗൾഫ് മുന്നണിയെയും വേഗത്തിലുള്ള സംയുക്ത പ്രതികരണത്തെയുമാണ് നേരിടേണ്ടി വരിക.
കര, കടൽ, ആകാശം, ബഹിരാകാശം, സൈബർ സംവിധാനങ്ങൾ എന്നിവയിലൂന്നിയുള്ള ആധുനിക യുദ്ധമുറകളിലേക്ക് ഗൾഫ് രാജ്യങ്ങൾ മാറിയിരിക്കുന്നു. പൂർണ്ണമായ പ്രതിരോധം തീർക്കുകയും ശത്രുവിന് ആക്രമണത്തിനുള്ള പഴുതുകൾ അടയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എങ്കിലും ഗൾഫ് ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സൽസ്വഭാവത്തോടെയുള്ള അയൽപക്ക ബന്ധങ്ങൾ പാലിക്കാൻ എതിരാളികളെ നിർബന്ധിതരാക്കുന്ന ഒരു യാഥാർത്ഥ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നയതന്ത്ര നീക്കങ്ങൾക്കൊപ്പം സൈനിക ശക്തിയും ഉപയോഗിക്കുന്നത് മേഖലയിൽ സമാധാനം ഉറപ്പാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് പൗരന്മാർക്ക് ഭരണാധികാരികളിലും സായുധ സേനയിലും അഗാധമായ വിശ്വാസമുണ്ടെന്നും മേഖല കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.