എൻറോൾമെന്റ് തുക വർധന പുനഃപരിശോധിക്കണം: ഐ.വൈ.സി.സി
മനാമ: പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ നോർക്ക കെയർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ എൻറോൾമെന്റ്, പുതുക്കൽ തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐ.വൈ.സി.സി ബഹ്റൈൻ. സാധാരണക്കാരായ പ്രവാസികളുടെ സാമ്പത്തിക സാഹചര്യം പരിഗണിക്കാതെ ഇൻഷുറൻസ് പ്രീമിയത്തിൽ വർധന വരുത്തുന്നത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന് സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രവാസി മലയാളികൾ ഏറെ പ്രതീക്ഷയോടെ സ്വീകരിച്ച നോർക്ക കെയർ പദ്ധതി ആരോഗ്യപരിരക്ഷയുടെ കാര്യത്തിൽ വലിയൊരു ആശ്വാസമായിരുന്നു. പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സാച്ചെലവുകൾ നേരിടുന്നതിനുള്ള പ്രധാന ആശ്രയമായി ഈ പദ്ധതി മാറിയിട്ടുണ്ട്. എന്നാൽ പദ്ധതിയുടെ തുടർച്ചയും പ്രീമിയം നിരക്കുകളും സംബന്ധിച്ച അനിശ്ചിതത്വം പ്രവാസി സമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നിരവധി പ്രവാസികൾ തൊഴിൽപരമായ അനിശ്ചിതത്വങ്ങളും ശമ്പളത്തിലെ കാലതാമസവും വർധിച്ചുവരുന്ന ജീവിതച്ചെലവുകളും നേരിടുകയാണ്. താമസം, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, നാട്ടിലുള്ള മാതാപിതാക്കളുടെ ചികിത്സ, കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങൾ എന്നിവ നിറവേറ്റിയശേഷം മിച്ചം വരുന്ന തുകയാണ് പലരും സമ്പാദ്യമായി മാറ്റിവയ്ക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധിപ്പിക്കുന്നത് സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുമെന്ന് ഐ.വൈ.സി.സി വ്യക്തമാക്കി.
പ്രവാസികളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ഒരു പദ്ധതി സാമ്പത്തിക ബാധ്യതയുടെ പേരിൽ സാധാരണക്കാരായ പ്രവാസികൾക്ക് അപ്രാപ്യമാകുന്ന സാഹചര്യം ഉണ്ടാകരുത്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവർക്ക് മാത്രമല്ല, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും സാധാരണക്കാരായ കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ടതുണ്ട്. അതിനാൽ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സാധാരണക്കാരായ പ്രവാസികളുടെ മേൽ അധിക പ്രീമിയമായി അടിച്ചേൽപ്പിക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു.
നിലവിൽ ചികിത്സയിൽ കഴിയുന്നവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും ഇൻഷുറൻസ് പരിരക്ഷയിൽ ഇടവേളയുണ്ടാകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അതിനാൽ നിലവിലുള്ള അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ തടസ്സമില്ലാതെ തുടരുന്നതിനുള്ള സംവിധാനം സർക്കാർ ഉറപ്പുവരുത്തണം. ചികിത്സാ ക്ലെയിമുകൾ തീർപ്പാക്കുന്നതിലെ കാലതാമസം, കാഷ്ലെസ് ചികിത്സ ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ, ആശുപത്രികളിൽ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണം.
പ്രവാസികൾ വർഷങ്ങളോളം അധ്വാനിച്ച് നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നത്. കുടുംബങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്കും വലിയ സംഭാവന നൽകുന്ന പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് പ്രത്യേക ഉത്തരവാദിത്വമുണ്ട്. പ്രവാസികളെ സംസ്ഥാനത്തിന്റെ നട്ടെല്ലായി വിശേഷിപ്പിക്കുന്ന സർക്കാർ, അവരുടെ ക്ഷേമപദ്ധതികൾ സാമ്പത്തികമായി കൂടുതൽ പ്രാപ്യമാക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും സംഘടന അഭിപ്രായപ്പെട്ടു.
നോർക്ക കെയർ പദ്ധതിയുടെ നടത്തിപ്പിൽ ഇൻഷുറൻസ് കമ്പനികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ ഉണ്ടെങ്കിൽ സർക്കാർ ഇടപെട്ട് പരിഹാരം കണ്ടെത്തണം. ആവശ്യമായ സർക്കാർ സബ്സിഡിയോ മറ്റ് സാമ്പത്തിക സഹായ സംവിധാനങ്ങളോ ഏർപ്പെടുത്തി കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് നിലവിലുള്ള നിരക്കിൽ തന്നെ പരിരക്ഷ തുടരാനുള്ള സാഹചര്യം ഒരുക്കണം. കൂടുതൽ പ്രവാസികളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും ഐ.വൈ.സി.സി ആവശ്യപ്പെട്ടു.
പദ്ധതിയുടെ പ്രീമിയം നിരക്കുകൾ, പുതുക്കൽ നടപടികൾ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, ക്ലെയിം നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കണം. പ്രവാസി സംഘടനകളുമായും സാമൂഹിക പ്രവർത്തകരുമായും ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചായിരിക്കണം പദ്ധതിയിൽ മാറ്റങ്ങൾ നടപ്പിലാക്കേണ്ടത്.
പ്രവാസികളുടെ ആരോഗ്യസുരക്ഷ ഒരു സാമ്പത്തിക ബാധ്യതയായി കാണാതെ സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. നോർക്ക കെയർ പദ്ധതിയുടെ പ്രീമിയം വർധന പുനഃപരിശോധിക്കുകയും നിലവിലുള്ള അംഗങ്ങൾക്ക് തടസ്സമില്ലാതെ ഇൻഷുറൻസ് പുതുക്കുന്നതിന…
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.