ഇറാൻ ആക്രമണം; ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ബഹ്‌റൈൻ

മനാമ: ബഹ്‌റൈനു നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബഹ്‌റൈൻ ഐക്യരാഷ്ട്രസഭക്ക് കത്തയച്ചു. ശനിയാഴ്ച പുലർച്ചെ ബഹ്‌റൈൻ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന് ബഹ്‌റൈൻ ഔദ്യോഗികമായി പരാതി നൽകിയത്.

ആഗോള സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും ഭീകരത കയറ്റുമതി ചെയ്യുന്ന ഇറാൻ്റെ നടപടികൾ പ്രാദേശിക സുരക്ഷക്ക് വലിയ ഭീഷണിയാണെന്നും ബഹ്‌റൈൻ്റെ സ്ഥിരം പ്രതിനിധി ഐക്യരാഷ്ട്രസഭക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. ബഹ്‌റൈൻ്റെ മണ്ണിലേക്ക് നടത്തിയ ഡ്രോൺ ആക്രമണം രാജ്യത്തിൻ്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റവും പൗരന്മാരുടെ സുരക്ഷയെ വെല്ലുവിളിക്കുന്നതുമാണെന്ന് ബഹ്‌റൈൻ കുറ്റപ്പെടുത്തി. സിവിലിയൻ ലക്ഷ്യങ്ങളെ ആക്രമിക്കരുതെന്ന അന്താരാഷ്ട്ര മര്യാദകളെയും കീഴ്വഴക്കങ്ങളെയും ഇറാൻ ലംഘിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇറാൻ്റെ ഈ ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും വേണ്ടി ബഹ്‌റൈൻ സമർപ്പിച്ച ഈ പ്രമേയത്തെ 136 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് നേരത്തെ നൽകിയ ഉറപ്പുകൾ ലംഘിച്ചാണ് ഇറാൻ വീണ്ടും ആക്രമണം തുടരുന്നത്.

ഭീഷണിപ്പെടുത്തലുകളിലൂടെ സമാധാനം കെട്ടിപ്പടുക്കാനാവില്ലെന്നും ഇത്തരം പ്രകോപനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സുരക്ഷാ കൗൺസിൽ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു. ബഹ്‌റൈൻ്റെ ദേശീയ ഐക്യം ഇത്തരം ഭീഷണികളാൽ തകരില്ലെന്നും രാജ്യത്തിൻ്റെ ഇച്ഛാശക്തി കൂടുതൽ ശക്തമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Iranian Attack: Bahrain files a complaint with the United Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.