മനാമ: ബഹ്‌റൈനിൽ വേനൽച്ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷണശാലകളിലും ബേക്കറികളിലും കോൾഡ് സ്റ്റോറുകളിലും കഫറ്റീരിയകളിലും ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കി. കാലാവസ്ഥാ വ്യതിയാനം കാരണം ഭക്ഷണസാധനങ്ങൾ കേടുവരാനും മലിനമാകാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് അധികൃതരുടെ നിർദ്ദേശം.
പരിശോധനകളിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിൽപനക്ക് വെച്ചത്, ശുചിത്വക്കുറവ്, കീടങ്ങളുടെ ശല്യം, ഡ്രെയിനേജ് പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. വെയിലത്ത് വെച്ചിരിക്കുന്ന കുപ്പിവെള്ളം, പഴയ സ്റ്റോക്കുകളും പുതിയവയും കൂട്ടിക്കലർത്തി വിൽക്കുക തുടങ്ങിയ സുരക്ഷിതമല്ലാത്ത രീതികളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ചില കടകളിൽ അനധികൃതമായി മരുന്നുകൾ വിൽക്കുന്നതായും വിലവിവരപ്പട്ടികയിൽ കൃത്യതയില്ലായ്മയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച രീതിയിലല്ല, മറിച്ച് റിസ്ക് സാധ്യതകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധനകൾ നടക്കുന്നതെന്ന് നോർത്തേൺ മുൻസിപ്പൽ കൗൺസിലിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ കമ്മിറ്റി യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഷവർമ ഷോപ്പുകൾ, ബേക്കറികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് പരിശോധനയിൽ പ്രത്യേക മുൻഗണന നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
തവാസുൽ സംവിധാനം, ഹോട്‌ലൈൻ, വാട്‌സ്ആപ്പ് എന്നിവയിലൂടെ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാവുന്നതാണ്. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ, ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സംശയങ്ങൾ എന്നിവയാണ് പ്രധാനമായും ലഭിക്കുന്ന പരാതികൾ. അതേസമയം, റിപ്പോർട്ട് ചെയ്യപ്പെടുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും ഭക്ഷണത്തിൽ നിന്നുള്ളതല്ലെന്നും, ചിലത് അലർജി മൂലമോ മറ്റ് ആരോഗ്യപരമായ കാരണങ്ങളാലോ സംഭവിക്കുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഗുരുതരമായ കേസുകളിൽ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഇത്തരം പരിശോധനകൾ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അധികൃതർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.