മനാമ: ഏഷ്യൻ യൂത്ത് ഗെയിംസിനായി ബഹ്റൈനിലെത്തിയ പ്രമുഖ അന്താരാഷ്ട്ര തൈക്വാൻഡോ പരിശീലകരായ ഹർജീന്ദർ സിങ്, രാജ്ൻ സിങ് എന്നിവർ അദ്ലിയയിലെ എക്സലന്റ് തൈക്വാൻഡോ സ്റ്റുഡിയോ സന്ദർശിച്ചു. യുവ കായികതാരങ്ങളുമായി ഒരു മണിക്കൂറിലധികം നേരം ഇവർ സംവദിച്ചു. ഇത് വിവിധ രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി.
ഇന്ത്യയെ ലോക മത്സരവേദികളിൽ പ്രതിനിധീകരിച്ച കോച്ചുമാരാണ് ഹർജീന്ദർ സിങ്ങും രാജ്ൻ സിങ്ങും. ഇന്ത്യ, ബഹ്റൈൻ, യു.എസ്, യു.കെ, ഫിലിപ്പീൻസ്, യമൻ, ന്യൂസിലൻഡ്, പാകിസ്താൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പതിലേറെ കുട്ടികളാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
എക്സലന്റ് തൈക്വാൻഡോയിലെ യുവ താരങ്ങളുടെ പ്രകടനങ്ങൾ കോച്ചുമാർ കണ്ടറിയുകയും, അവരുടെ സാങ്കേതികപരമായ മികവിനും വ്യക്തിഗത വികസനത്തിനും വേണ്ടിയുള്ള വിലപ്പെട്ട ഉപദേശങ്ങൾ നൽകുകയും ചെയ്തു. തൈക്വാൻഡോ ഒരു ആയോധന കല എന്നതിലുപരി വ്യക്തിയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കോച്ച് രാജ്ൻ സിങ് വിശദീകരിച്ചു. മുൻകോപക്കാരനായിരുന്ന തന്റെ ദേഷ്യത്തെ അതിജീവിക്കാനും ജീവിതം മാറ്റിമറിക്കാനും തൈക്വാൻഡോ എങ്ങനെ സഹായിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. ജീവിതം മാറ്റിമറിക്കുന്ന സുപ്രധാനമായ അനുഭവമായിരുന്നു എനിക്കതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർപ്പണബോധം, ക്ഷമ, അഭിനിവേശം എന്നിവയുടെ ശക്തിയെക്കുറിച്ച് കോച്ച് ഹർജീന്ദർ സിങ് വിദ്യാർഥികളെ ഓർമിപ്പിച്ചു.
തൈക്വാൻഡോയിൽ പഠിക്കുന്ന മൂല്യങ്ങൾ കളിസ്ഥലത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നവെന്ന് കോച്ച് ഹർജീന്ദർ സിങ് ഊന്നിപ്പറഞ്ഞു. പ്രമുഖരായ രണ്ട് അന്താരാഷ്ട്ര വ്യക്തികളിൽ നിന്ന് ഉപദേശം സ്വീകരിക്കാൻ ലഭിച്ച അവസരത്തിന് വിദ്യാർഥികളും രക്ഷിതാക്കളും എക്സലന്റ് തൈക്വാൻഡോ സ്റ്റുഡിയോയോട് നന്ദി അറിയിച്ചു.
പരിശീലകൻ യൂസഫ് പരിപാടികൾക്ക് നേതൃത്വം നൽകി. അതിഥികൾക്ക് മുഖ്യ പരിശീലകൻ ഫൈസൽ ഇബ്രാഹിം, കമാൽ മുഹിയിദ്ദീൻ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.