മനാമ: ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കെതിരായുള്ള 211 പരാതികളിൽ ഓംബുഡ്സ്മാൻ ഓഫിസ് അന്വേഷണം പൂർത്തിയാക്കി. 2023 മേയ് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിലെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പതിനൊന്നാമത് വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഈ കാലയളവിൽ ആകെ 520 പരാതികളും സഹായ അഭ്യർഥനകളുമാണ് ലഭിച്ചത്. ഇതിൽ 211 പരാതികളും 309 സഹായ അഭ്യർഥനകളുമായിരുന്നെന്ന് ഓംബുഡ്സ്മാൻ ഗാദാ ഹബീബ് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞു. സഹായ അഭ്യർഥനകളിൽ 100 ശതമാനവും തീർപ്പാക്കിയതായും അവർ കൂട്ടിച്ചേർത്തു. 2013ൽ ഓഫിസ് സ്ഥാപിതമായതിനുശേഷം 2024 ഏപ്രിൽ വരെ ആകെ 9143 പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
പരാതി നൽകിയവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു; 266 പേർ. 211 പരാതികളിൽ 30 എണ്ണം ഓംബുഡ്സ്മാൻ ഓഫിസിന്റെ പരിധിക്ക് പുറത്തുള്ളവയായിരുന്നു. 23 കേസുകൾ ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറി. രണ്ട് കേസുകൾ അന്വേഷണത്തിലുണ്ട്, 156 എണ്ണം പരിഹരിക്കുകയോ അല്ലെങ്കിൽ നിലനിർത്തുകയോ ചെയ്തിട്ടില്ല. 12 കേസുകൾ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റിനും (എസ്.ഐ.യു) 11 എണ്ണം മന്ത്രാലയത്തിന്റെ സെക്യൂരിറ്റി പ്രോസിക്യൂഷനും കൈമാറി.മുൻ വർഷങ്ങളിലെ റിപ്പോർട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ, 2022-2023 കാലയളവിൽ 201 പരാതികളും 542 സഹായ അഭ്യർഥനകളുമടക്കം 743 പരാതികളാണ് ലഭിച്ചത്. കൂടാതെ, 2021 മേയ് മുതൽ 2022 ഏപ്രിൽ വരെ 496 പരാതികളും 2020-2021 കാലയളവിൽ 209 പരാതികളും 2019-2020 കാലയളവിൽ 207 പരാതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇ-മെയിൽ, വാട്സ്ആപ്, തപാൽ, നേരിട്ടുള്ള സന്ദർശനം, ജയിൽ സ്ഥാപനങ്ങളിലെ പരാതിപ്പെട്ടി എന്നിവ വഴിയാണ് പരാതികൾ സമർപ്പിക്കാൻ സാധിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നാല് പ്രധാന പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കെതിരെ 57 പരാതികൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒന്ന് ക്രിമിനൽ അല്ലെങ്കിൽ അച്ചടക്ക നടപടികൾക്കായി റഫർ ചെയ്തു. 51 എണ്ണം പരിഹരിക്കപ്പെട്ടില്ല. അഞ്ചെണ്ണം തള്ളി. കൂടാതെ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഫോറൻസിക് എവിഡൻസ് ഡയറക്ടറേറ്റിനെതിരെ അഞ്ച് ക്രിമിനൽ അന്വേഷണങ്ങളും രജിസ്റ്റർ ചെയ്തു. റിപ്പോർട്ടിൽ കസ്റ്റഡി മരണങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയത് പ്രത്യേകമായി പരാമർശിക്കുന്നു.
അഞ്ച് മരണങ്ങൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്, ഇതിൽ നാല് കേസുകളിലും പൊലീസിന്റെ ഭാഗത്ത് നിന്ന് അപാകതകൾ കണ്ടെത്തിയിട്ടില്ല.ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുന്നതിനും സഹായം തേടുന്നതിനും www.ombudsman.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ complaints@ombudsman.bh എന്ന ഇ-മെയിലിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ 13308888 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.