വർധിച്ചു വരുന്ന റോഡപകടങ്ങൾ; ട്രാഫിക് നിയമം ഭേദഗതി വരുത്താനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

മനാമ: റോഡ് സുരക്ഷ വർധിപ്പിക്കാനായി കാമ്പയിൻ നടപ്പാക്കാനൊരുങ്ങി ബഹ്റൈൻ. റോഡ് നിയമത്തിൽ ഭേദഗതി ചെ‍യ്ത നിയമങ്ങളും ഇനിമുതൽ നടപ്പിലാക്കും. റോഡുകളിൽ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് മുൻഗണന നൽകാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങളെത്തുടർന്നാണിത്. കർശനമായ ട്രാഫിക് നിയമങ്ങളും പൊതുജന ബോധവൽക്കരണ പരിപാടികളും ഒരുമിച്ചാണ് പുതിയ കാമ്പയിനിൽ നടപ്പിലാക്കൊനൊരുങ്ങത്. അപകടകരമായ ഡ്രൈവിങ് രീതികൾ പരിഹരിക്കുന്നതിനായി ട്രാഫിക് നിയമം അവലോകനം ചെയ്യുകയും കർശനമാക്കുകയും ചെയ്യുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പുതിയ ഭേദഗതിയിൽ കർശനമായ പിഴകൾ മാത്രമല്ല, ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗത്തെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

പുതിയ ഭേദഗതി പ്രകാരം, മാരകമായ അപകടങ്ങളിലോ അശ്രദ്ധമായ ഡ്രൈവിങ്ങിലോ ഉൾപ്പെടുന്ന വാഹനങ്ങൾ കണ്ടുകെട്ടും. അമിത വേഗത, ചുവപ്പ് സിഗ്നൽ മറികടക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, തെറ്റായ ദിശയിൽ യാത്ര ചെയ്യൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് കനത്ത പിഴയും ചുമത്തും.അപകടങ്ങളിൽ പരിക്ക് അല്ലെങ്കിൽ മരണം സംഭവിക്കുകയാണെങ്കിൽ പിഴ വർധിപ്പിക്കും. കർശനമായ നിയമപാലനവും പൊതുജന ബോധവൽക്കരണവും സംയോജിപ്പിക്കുന്നതിലൂടെ രാജ്യത്തുടനീളം സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നിയമനിർമാണ കാര്യ അണ്ടർ സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മ പറഞ്ഞു.

നിയമപരമായ മാറ്റങ്ങൾക്കൊപ്പം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അപകടകരമായ പെരുമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ബോധവൽക്കരണ കാമ്പയിനുകൾ ആരംഭിക്കും. ഈ കാമ്പയിനുകൾ എല്ലാ റോഡ് ഉപയോക്താക്കളെയും ലക്ഷ്യമിടുകയും പൊതുജനങ്ങളെ ആകർഷിക്കാൻ നൂതനവും ആധുനികവുമായ രീതികൾ ഉപയോഗിക്കുകയും ചെയ്യും. ഗുരുതരമായ അപകടങ്ങളുടെ നിരക്ക് കുറയ്ക്കാനും കൂടുതൽ അച്ചടക്കമുള്ള ട്രാഫിക് അന്തരീക്ഷം കെട്ടിപ്പടുക്കാനുമാണ് ഈ സംരഭത്തിലൂടെ ലക്ഷ്യമിടുന്നത്.

സമീപകാലത്ത് വർധിച്ചുവരുന്ന അപകടങ്ങളെത്തുടർന്ന് ട്രാഫിക് നിയമം സമഗ്രമായി അവലോകനം ചെയ്യാൻ എം.പിമാർ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം അപകടങ്ങൾ പൗരന്മാരുടെയും താമസക്കാരുടെയും ജീവൻ അപഹരിക്കുന്നുണ്ടെന്നും സ്വത്തുക്കൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് എം.പിമാർ ആവശ്യം മുന്നോട്ട് വെച്ചത്.

Tags:    
News Summary - Increasing road accidents; Ministry of Home Affairs prepares to amend traffic laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.