സ്പെക്ട്ര 2023’ ആർട്ട് കാർണിവലുമായി ബന്ധപ്പെട്ട് ഐ.സി.ആർ.എഫ് ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനം
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) ആഭിമുഖ്യത്തിൽ നവംബർ 24ന് ഇന്ത്യൻ സ്കൂൾ-ഐസ ടൗൺ പരിസരത്ത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023’ ആർട്ട് കാർണിവൽ നടക്കും. ഭാവിതലമുറയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ ചിത്രരചന വൈദഗ്ധ്യം കണ്ടെത്തുന്നതിനുള്ള വേദിയായാണ് കാർണിവൽ സംഘടിപ്പിക്കുന്നതെന്ന് ഐ.സി.ആർ.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തുടർച്ചയായ 15ാം വർഷമാണ് ഐ.സി.ആർ.എഫ് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023’ നടക്കുന്നത്. രാജ്യത്തെ വിവിധ സ്കൂളുകളിൽ നടന്ന പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അഞ്ചുമുതൽ എട്ടുവയസ്സ് വരെ, എട്ടുമുതൽ 11 വയസ്സ് വരെ, പതിനൊന്ന് മുതൽ പതിനാലുവരെ, പതിനാല് മുതൽ പതിനെട്ട് വരെ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. സ്കൂളുകൾ/സ്ഥാപനങ്ങൾ വഴി മാത്രമേ പങ്കാളിത്തം അനുവദിക്കൂ. പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിങ് പേപ്പറും മെറ്റീരിയലുകളും നൽകും.
ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ച് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. വിജയിക്കുന്ന എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2024ലേക്ക് രൂപകൽപന ചെയ്ത വാൾകലണ്ടറുകളിലും ഡെസ്ക്-ടോപ് കലണ്ടറുകളിലും ഇടംപിടിക്കും. ഈ കലണ്ടറുകൾ ഡിസംബർ 29ന് നടക്കുന്ന ചടങ്ങിൽ ലോഞ്ച് ചെയ്യും. കലണ്ടറുകൾ എല്ലാ സ്പോൺസർമാർക്കും കോർപറേറ്റുകൾക്കും ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്ലബുകൾക്കും അസോസിയേഷനുകൾക്കും ലഭ്യമാക്കും. സ്പെക്ട്രയുടെ 15ാമത്തെ വർഷമായതിനാൽ ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ -ഇന്ത്യൻ ഹെറിറ്റേജ് ഫെസ്റ്റിവൽ’ എന്ന പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാദേശിക സാംസ്കാരിക പരിപാടികളും ഫുഡ് ആൻഡ് ഗെയിം സ്റ്റാളുകളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കും.
125 ദീനാറിൽ താഴെ പ്രതിമാസശമ്പളം ലഭിക്കുന്ന ഇന്ത്യൻ പ്രവാസികൾ മരണമടഞ്ഞാൽ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ ഐ.സി.ആർ.എഫ് ധനസഹായം നൽകുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം 50 കുടുംബങ്ങൾക്ക് സഹായം നൽകി. സ്പെക്ട്ര 2023നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്പെക്ട്ര കൺവീനർ അനീഷ് ശ്രീധരൻ- 39648304, ജോയന്റ് കൺവീനർമാരായ നിഥിൻ- 39612819, മുരളീകൃഷ്ണൻ- 34117864 എന്നിവരെയോ icrfbahrain@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി, അഡ്വൈസർ അരുൾദാസ് തോമസ്, സ്പെക്ട്ര കൺവീനർ അനീഷ് ശ്രീധരൻ, ജോയന്റ് സെക്രട്ടറി നിഷ രംഗരാജൻ, സ്പെക്ട്ര ജോയന്റ് കൺവീനർ മുരളീകൃഷ്ണൻ, ഫാബർ കാസ്റ്റൽ കൺട്രി മാനേജർ അബ്ദുൽ ഷുക്കൂർ മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.