മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്), പ്ലഷർ റൈഡേഴ്സ് ബഹ്റൈൻ ടീമുമായി സഹകരിച്ച് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു.
ഇന്ത്യൻ തൊഴിലാളികൾക്കിടയിലെ വൈകാരിക പ്രശ്നങ്ങളെ ചെറുക്കാനാണ് അവയർനെസ് ഓൺ വീൽസ് കാമ്പയിൻ. പ്ലഷർ റൈഡേഴ്സ് ടീമിലെ 25 അംഗങ്ങളും ഐ.സി.ആർ.എഫ് അംഗങ്ങളും വിവിധ ലേബർ ക്യാമ്പുകൾ സന്ദർശിക്കുകയും മാനസിക ക്ഷേമത്തെക്കുറിച്ച് തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ വളന്റിയർമാരെ വിളിക്കാൻ കോൺടാക്ട് നമ്പറുകൾ അടങ്ങിയ ഫ്ലൈയറുകൾ വിതരണം ചെയ്തു. കൂടാതെ ലഘുഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു.
മനാമയിലെ ഇന്ത്യൻ ക്ലബ് പരിസരത്ത് അവൈർനെസ് ഓൺ വീൽസിന്റെ ഫ്ലാഗ് ഓഫ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ നിർവഹിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ജോയന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗങ്ങളായ രാജീവൻ, നിമ്മി റോഷൻ, ദീപശിക, സാന്ദ്ര പാലണ്ണ, നിതിൻ ജേക്കബ്, പ്ലഷർ റൈഡേഴ്സ് ടീം എന്നിവർ സന്നിഹിതരായിരുന്നു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ കാമ്പയിനിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വിശദീകരിച്ചു.
പി.ആർ.ബി ടീമിനും ഇന്ത്യൻ ക്ലബിനും ലഘുഭക്ഷണ പാക്കറ്റുകൾ സ്പോൺസർ ചെയ്ത വിനോദ് രാത്തിക്കും അരുൾദാസ് തോമസ് നന്ദി പറഞ്ഞു. ഐ.സി.ആർ.എഫ് ടീമിനെ പി.ആർ.ബി ക്യാപ്റ്റൻ പ്രസാദ് മേനോൻ അഭിനന്ദിച്ചു. ദേബ്ജിത് ഡേ, നിതിൻ ജേക്കബ് എന്നിവർ ക്യാമ്പ് സന്ദർശനങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.