ഹംഗറിയിൽ നടന്ന ഗ്രാൻഡ് പ്രീ മത്സരത്തിൽ വിജയികളായ മക്ലാരന് ടീമിനൊപ്പം ശൈഖ്
സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ
മനാമ: ഹംഗറിയിൽ നടന്ന എഫ് വൺ ഗ്രാൻഡ് പ്രീയിലെ മക്ലാരന്റെ വിജയത്തിൽ സാക്ഷിയായി ബഹ്റൈൻ രാജകുടുംബാംഗങ്ങൾ. ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ് കമ്പനിയുടെ (മുംതലകത്ത്) ഡയറക്ടർ ബോർഡ് ചെയർമാനും ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രിയുമായ ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും മകൻ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമാണ് ഗ്രാൻഡ്പ്രീക്ക് സാക്ഷ്യം വഹിക്കാൻ ഹംഗറിയിലെത്തിയത്.
മത്സരത്തിൽ ബഹ്റൈന്റെ മുംതലകാത്ത് സ്പോൺസർ ചെയ്യുന്ന മക്ലാരൻ ടീമാണ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയത്. ബുഡാപെസ്റ്റിലെ ഹംഗേറിയൻ സർക്യൂട്ടിൽ നേടിയ ഈ ഇരട്ടവിജയം മക്ലാരനെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമാണ്. ഈ അവസരത്തിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
മക്ലാരന്റെ മികച്ച പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഈ വിജയം ആഗോള മോട്ടോർ സ്പോർട്സിൽ ബഹ്റൈന്റെ ഖ്യാതി വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വരാനിരിക്കുന്ന ഫോർമുല 1 ലോക ചാമ്പ്യൻഷിപ് റേസുകളിൽ മക്ലാരൻ ടീമിന് അദ്ദേഹം വിജയാശംസകളും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.