മനാമ: ബഹ്‌റൈനിലെ ജനുസാനിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 16 വയസ്സുകാരി മരിച്ചു. ബഹ്‌റൈൻ സ്വദേശിനിയായ ദുവാ അൽ മഹാഫ്ദ ആണ് മരിച്ചത്. പുക ശ്വസിച്ച് ഗുരുതര അവസ്ഥയിലാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടി രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചതെന്ന് എംപി ഡോ. മെഹ്ദി അൽ ശുവൈഖ് അറിയിച്ചു. ദുവായുടെ 10 വയസ്സുകാരനായ സഹോദരൻ നിലവിൽ ഐ.സിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾക്കും മൂത്ത മകനും നിസ്സാര പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഷണൽ ആംബുലൻസ് സർവീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം എത്തി തീ നിയന്ത്രണവിധേയവുമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.